കുടയത്തൂർ: തിരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടിയായ സ്വീപിന്റെഗമായി കുടയത്തൂർ ലൂയി ബ്രെയിൽ മെമ്മോറിയൽമാതൃക അന്ധവിദ്യാലയത്തിൽ ഇൻക്ലൂസീവ് ഇലക്ഷൻ കാമ്പയ്ൻ സംഘടിപ്പിച്ചു. ഭിന്നശേഷിക്കാരായ വിദ്യാർഥികളെ തിരഞ്ഞെടുപ്പിൽ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാഭരണകൂടവും ജില്ലാ ഇലക്ഷൻ വിഭാഗവും ചേർന്ന് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്. കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ ഷീബാ ജോർജ് നിർവഹിച്ചു. സബ് കളക്ടർ ഡോ. അരുൺ എസ്. നായർ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടിയുടെ ഭാഗമായി കുട്ടികൾക്ക് വോട്ടിങ് യന്ത്രം പരിചയപ്പെടുത്തി. തുടർന്ന് അന്ധവിദ്യാലയത്തിലെ കുട്ടികൾ ചേർന്ന് 'വോട്ട് പാട്ട് ' അവതരിപ്പിച്ചു. ബ്ലൈൻഡ് ഫെഡറേഷൻ ഭാരവാഹികൾ, സ്കൂൾ അദ്ധ്യാപകർ, വിദ്യാർഥികൾ, രക്ഷകർത്താക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.