അടിമാലി:"കനവ് " പദ്ധതിയിലൂടെ പത്ത്പേർക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭ്യമായി. സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി ,മറയൂർ പഞ്ചായത്തിലെ 24 ഗോത്രവർഗ്ഗകുടികളിലെ വനിതകൾക്കു വേണ്ടി മോട്ടോർ വാഹന വകുപ്പ്, മറയൂർ ഗ്രാമപഞ്ചായത്തിൻ്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് കനവ്. ആദ്യ ബാച്ചിൻ്റെ ഡ്രൈവിംഗ് ടെസ്റ്റ് മറയൂരിൽ വച്ച് നടത്തി. ആകെ 43 പേരാണ് കനവ് പദ്ധതിയിൽ ചേർന്നിട്ടുള്ളത്. ആദ്യ ബാച്ച് 12 പേർക്കു വേണ്ടി മറയൂർ ജെയ്മാതാ സ്കൂൾ ഗ്രൗണ്ടിൽ നടത്തിയ ഡ്രൈവിംഗ് ടെസ്റ്റിൽ 10 പേർ വിജയിച്ചു. സബ് ആർ ടി ഒ ദേവികുളത്തിൻ്റെ കീഴിൽ 'കനവ് ടീം അംഗങ്ങളായ ജോയിന്റ് ആർ.ടിഒ. എൽദോ റ്റി എച്ച്, മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർമാരായ ചന്ദ്രലാൽ കെ.കെ, ഫ്രാൻസിസ് .എസ്, ദീപു എൻ കെ, അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻപ്പെക്ടർമാരായ ഫവാസ് സലിം ,അബിൻ ഐസക്ക് എന്നിവരാണ് ടെസ്റ്റിന് നേതൃത്വം നൽകിയത്. ഫീസിനത്തിൽ അടക്കേണ്ട തുക സ്പോൺസർഷിപ്പ് വഴി കണ്ടെത്തി.സിലബസ് അനുസരിച്ചുള്ള ശാസ്തീയ പഠന സൗകര്യങ്ങൾ മറയൂർ വച്ച് തന്നെ നൽകി. മലയാളത്തിലും, ആവശ്യപ്പെട്ടവർക്ക് തമിഴിലും ലേണേഴ്സ് പഠന സൗകര്യങ്ങൾ ഒരുക്കി. എറണാകുളത്ത് നിന്നും കൊണ്ട് വന്ന ഡ്രൈവിംഗ് സിമുലേറ്ററിലും പരിശീലനം നൽകി. മോട്ടോർ വാഹന നിയമം, റോഡ് റെഗുലേഷൻ എന്നിവയിലും പരിശീലനം നൽകി. ബാക്കിയുള്ളവർക്ക് ഏപ്രിൽ മാസത്തിൽ ടെസ്റ്റ് നടക്കും. പഠനച്ചെലവിനുള്ള തുക അനുവദിച്ച് തരാമെന്ന് ജില്ലാ കുടുംബശ്രീ മിഷൻ ഉറപ്പു നൽകിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.