തൊടുപുഴ: യു.ഡി.എഫ് ഇടുക്കി ലോക്‌സഭ മണ്ഡലം കൺവെൻഷൻ നാളെ ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 4.30ന് ആരംഭിക്കുന്ന കൺവെൻഷൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. പി.ജെ. ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. കെ.എം. ഷാജി, സി.പി. ജോൺ, അഡ്വ. പി.ജി. പ്രസന്നകുമാർ, രാജൻ ബാബു, എം.എൽ.എമാരായ മാത്യു കുഴൽനാടൻ, അനൂപ് ജേക്കബ്, ഡീൻ കുര്യാക്കോസ് എം.പി, ഫ്രാൻസിസ് ജോർജ്ജ്, സി.പി. മാത്യു, ജോസി സെബാസ്റ്റ്യൻ, എസ്.അശോകൻ എന്നിവർ സംസാരിക്കും. തിരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാനാണ് കേന്ദ്രസർക്കാർ പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത്. മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് നേട്ടം കൊയ്യാനാണ് ബി.ജെ.പിയുടെ ശ്രമം. കലാലയങ്ങളിൽ അരങ്ങേറുന്ന അക്രമരാഷ്ട്രീയത്തിന് ഉത്തരവാദികളായ എസ്.എഫ്.ഐക്കാരെ നിലയ്ക്കു നിറുത്തുന്നതിൽ പരാജയപ്പെട്ട സി.പി.എം ഇതിന് മറുപടി നൽകണം. ഭൂ വിഷയങ്ങൾ വഷളാക്കിയതിന്റെയും വന്യജീവി ആക്രമണത്തിന്റെ പേരിൽ നിരവധിപ്പേരുടെ ജീവൻ നഷ്ടമായതിന്റെയും ഉത്തരവാദിത്വത്തിൽ നിന്ന് സംസ്ഥാന സർക്കാരിന് ഒഴിഞ്ഞുമാറാനാവില്ലെന്നും നേതാക്കൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ യു.ഡി.എഫ് ചെയർമാൻ ജോയി വെട്ടിക്കുഴി, കൺവീനർ പ്രൊഫ. എം.ജെ. ജേക്കബ്, കെ.എം.എ ഷുക്കൂർ, സുരേഷ് ബാബു, എൻ.ഐ. ബെന്നി, എം.കെ. പുരുഷോത്തമൻ, എ.എം. ഹാരിദ് എന്നിവർ പങ്കെടുത്തു.