തൊടുപുഴ: രജിസ്‌ട്രേഷൻ വകുപ്പ് നടപ്പിൽ വരുത്തുന്നതിനു വേണ്ടി ഉത്തരവ് ഇറക്കിയിട്ടുള്ള ടെംപ്ലേറ്റ് സംവിധാനം പൂർണ്ണമായി നിറുത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ ആധാരം എഴുത്തുകാർ നാളെ സബ് രജിസ്ട്രാർ ഓഫീസ് പടിക്കൽ പണിമുടക്കി ധർണ നടത്തും. ജില്ലയിലെ ഒമ്പത് സബ് രജിസ്ട്രാർ ഓഫീസുകളുടെ മുമ്പിലും രാവിലെ 10 മുതൽ വൈകിട്ട് 3.30 വരെയാണ് സമരം. ആധാരം എഴുത്ത് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് ജില്ലയിലും സമരങ്ങൾ നടക്കുന്നത്. രണ്ടാം ഘട്ട സമരപരിപാടിയുടെ ഭാഗമായി 20ന് ജില്ലയിലെ മുഴുവൻ ആധാരം എഴുത്തുകാരെയും വിവിധ രാഷ്ട്രീയ നേതാക്കളെയും പങ്കെടുപ്പിച്ച് തൊടുപുഴ ജില്ലാ രജിസ്ട്രാർ ഓഫീസിന് മുമ്പിലും ധർണ നടത്തുമെന്നും ജില്ലാ ഭാരവാഹികൾ അറിയിച്ചു. ആധാരം എഴുത്തുകാരുടെ തൊഴിൽ നഷ്ടപെടുത്തുന്ന രീതിയിലുള്ള പുത്തൻ പരിഷ്‌കാരം സർക്കാർ ഉടനടി പിൻവലിക്കാത്ത പക്ഷം ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു.