
കട്ടപ്പന: മലയോര ഹൈവേയുടെ നിർമ്മാണത്തിന്റെ ഭാഗമായി കലുങ്ക് നിർമ്മിയ്ക്കാനെടുത്ത കുഴി അപകടഭീഷണിയാകുന്നു. ഒരു മാസത്തിലധികമായി കുഴിയെടുത്തിട്ടും കലുങ്ക് നിർമ്മാണം മാത്രം തുടങ്ങിയിട്ടില്ല. ഇതോടെ നിർമ്മാണത്തിനെടുത്ത കുഴി ഏറെ അപകടഭീഷണി ഉയർത്തുകയാണ്. ടൗണിൽ തന്നെ സ്‌കൂളും ആശുപത്രിയുമുള്ളതിനാൽ വിദ്യാർത്ഥികൾക്കും ആശുപത്രിയിൽ എത്തുന്നവർക്കും കുഴി ഏറെ ഭീഷണിയാണ്. നഗരത്തിൽ ബസിറങ്ങുകയും മറ്റ് ആവശ്യങ്ങൾക്ക് എത്തുകയും ചെയ്യുന്ന വിദ്യാർത്ഥികൾ കുഴിയിൽ വീഴാനുള്ള സാദ്ധ്യതയും ഏറെയാണ്. കുഴിയെടുത്തതോടെ നഗരത്തിൽ പൊടിശല്യവും ഏറി. ഇതോടെ വ്യാപാരികൾ ഉൾപ്പെടെയുള്ളവർ പ്രതിസന്ധിയിലായി. രാത്രിയിൽ എത്തുന്ന ഹൈറേഞ്ചിലെ വഴി പരിചയമില്ലാത്ത ഡ്രൈവർമാർക്കും അടുത്തെത്തിയ ശേഷം മാത്രമാണ് ടൗണിൽ കുഴിയുണ്ടെന്ന് മനസിലാക്കാനാകുക.