
രാജാക്കാട്:രാജാക്കാട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന എൻ എച്ച് എം ജീവനക്കാർക്ക് 2 മാസമായി ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ജീവനക്കാർ സിഎച്ച്‌സി ക്ക് മുമ്പിൽ പ്രതിഷേധ സമരം ആരംഭിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി രാവിലെ ഒരു മണിക്കൂർ സമയമാണ് സമരം ചെയ്യുന്നത്. ശമ്പളം ലഭിച്ചില്ലെങ്കിൽ ഈ ആഴ്ചയിൽ ഒരു മണിക്കൂർ സമയവും അടുത്ത ആഴ്ച മുതൽ മുഴുവൻ സമയം പണിമുടക്കി കൊണ്ട് ശക്തമായ സമരവും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.16 ജീവനക്കാരാണ് രാജാക്കാട് സി.എച്ച്.സിയിൽ നാഷണൽ ഹെൽത്ത് മിഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്നത്. കഴിഞ്ഞ 74 ദിവസമായി ശമ്പളം ലഭിക്കാത്തതിനാൽദൈനംദിന ചിലവുകൾ പോലും നടത്താൻ മാർഗ്ഗമില്ലെന്നും, തങ്ങളെ ആശ്രയിച്ച് കഴിയുന്ന കുട്ടികളുടെയും മാതാപിതാക്കളുടേയും ചികിത്സ ചിലവ്, കുട്ടികളുടെ വിദ്യാദ്യാസ ചിലവ്,യാത്ര ചിലവ് മറ്റു ജീവിത ചിലവുകൾ എല്ലാം പ്രതിസന്ധിയിലാണെന്നാണ് ഇവർ പറയുന്നത്.ജീവനക്കാർക്ക് 60ശതമാനം ശമ്പളം കേന്ദ്ര സർക്കാരും 40 ശതമാനം ശമ്പളം കേരള സർക്കാരുമാണ് നൽകുന്നത്.കേന്ദ്ര സർക്കാരിന്റെ ഫണ്ട് ലഭിക്കാത്തതിനാലാണ് ശമ്പളം ലഭിക്കാത്തത് എന്നാണ് ഇവർക്ക് ലഭിച്ച വിശദീകരണം.ശമ്പളം ലഭിക്കുന്നത് വരെ പ്രതിഷേധ സമരം തുടരുമെന്ന് സമരസമിതി നേതാക്കളായ
കെ.എം ഷിജി,കെ.എസ് സിദ്ദു എന്നിവർ അറിയിച്ചു.