dam

കുടയത്തൂർ: കുടയത്തൂർ വില്ലേജ് ഓഫീസിന് സമീപം മലങ്കര ഡാമിൽ വീണ ഐഫോൺ അഗ്‌നിരക്ഷാ സേനയുടെ സ്‌കൂബാ ടീം മുങ്ങിയെടുത്തു. കുടയത്തൂർ കല്ലടപറമ്പിൽ ജെറാൾഡ് റിച്ച് എന്നയാളുടെ മൊബൈൽ ഫോണാണ് അബദ്ധത്തിൽ വെള്ളത്തിൽ പതിച്ചത്. നല്ല താഴ്ചയുള്ള ഭാഗത്താണ് ഒരു ലക്ഷം വിലയുള്ള ഫോൺ വീണത്. ഫോൺ എടുക്കാൻ പറ്റാതെ വന്നതോടെ അഗ്‌നിരക്ഷാ സേനയുടെ സഹായം തേടുകയായിരുന്നു. പിന്നാലെ സ്‌കൂബാ ടീം സ്ഥലത്തെത്തി. മൂന്ന് മീറ്റർ താഴ്ചയിൽ നിന്നാണ് സ്‌കൂബാ ടീം ഫോൺ കണ്ടെടുത്തത്. പിന്നാലെ ഇത് ഉടമസ്ഥന് കൈമാറി. സ്‌കൂബാ ടീം അംഗങ്ങളായ കെ.എ. ജാഫർഖാൻ, ഡി. മനോജ് കുമാർ, ടി.കെ. വിവേക്, കെ.എസ്. അബ്ദുൾ നാസർ എന്നിവർ തിരച്ചിലിന് നേതൃത്വം നൽകി.