പീരുമേട്: ജോയ്‌സ് ജോർജ്ജിന് മധുരിക്കും ഓർമ്മ നൽകി പാമ്പനാറിലെ പര്യടനം. എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്‌സ് ജോർജ്ജിന് പാമ്പനാറിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പര്യടനം അപ്രതീക്ഷിത മുഹൂർത്തത്തിന് സാക്ഷിയായി. പര്യടനം പാമ്പനാറിൽ പുരോഗമിക്കുമ്പോൾ വൈകിട്ട് 4.30 ന് പാമ്പനാർ ഗവ. ഹൈസ്‌കൂളിന്റെ ബസ് പര്യടനം കടന്ന് പോകുന്നതിനായി വഴിയരികിൽ നിർത്തി. അവിചാരിതമായി താൻ എംപിയായിരിക്കെ അനുവദിച്ച സ്‌കൂൾ ബസ് കണ്ടതോടെ പര്യടനം മറന്ന് ജോയ്‌സ് ജോർജ്ജ് കുട്ടികളുടെ അടുക്കലേക്ക് എത്തി. തങ്ങൾക്ക് ബസ് നൽകിയ മുൻ എംപിയെ കണ്ട കുട്ടികളും ബസിനുള്ളിൽ നിന്ന് കൈകൾ നീട്ടിയും പൂ നൽകിയും ജോയ്‌സ് ജോർജ്ജിനെ സന്തോഷം അറിയിച്ചു. 2014-19 കാലഘട്ടത്തിൽ ജോയ്‌സ് ജോർജ്ജ് എംപിയായിരിക്കെ പാമ്പനാർ ഗവ. ഹൈസ്‌കൂളിന് അനുവദിച്ചതായിരുന്നു ബസ്. അന്ന് എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 13 ലക്ഷം രൂപ വിനിയോഗിച്ചാണ് ബസ് വാങ്ങിയത്. കുട്ടികളും സ്ഥാനാർത്ഥിയും പരസ്പരം സംസാരിച്ച് കുട്ടികളുടെ ആശംസകളും ഏറ്റുവാങ്ങി യാത്ര പറയാൻ നേരം ബസ്സിനുള്ളിൽ നിന്ന് കുട്ടിക്കൂട്ടത്തിൽ ഒരു പെൺകുരുന്നിന്റെ ചോദ്യം അങ്കിളെ ഒരു ബസ് കൂടി തരാമോ? ജയിച്ചിട്ട് തരാം മോളെ... എന്ന വാക്കു പറഞ്ഞ് സ്ഥാനാർത്ഥി തിരികെ തെരഞ്ഞെടുപ്പ് പര്യടനത്തിലേക്ക്. തെരഞ്ഞെടുപ്പ് പര്യടനത്തിലെ അപ്രതീക്ഷിതവും വൈകാരികവുമായ സന്ദർഭത്തിന് സാക്ഷികളായ ജനങ്ങൾക്കും കൗതുകവും സന്തോഷവും ഉണ്ടായി.