*വാഗമണ്ണിൽ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവൽ തുടങ്ങി
*മുന്നാറും പാരാഗ്ലൈഡിങ് ഫെസ്റ്റിന് അനുയോജ്യമെന്ന് മന്ത്രി
ഇടുക്കി: സാഹസിക വിനോദ സഞ്ചാരത്തെ സംസ്ഥാനത്തെ പ്രധാന ടൂറിസം ശാഖയായി വളർത്തുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. വാഗമണ്ണിൽ ആരംഭിച്ച ഇന്ത്യയിലെ ഏറ്റവും വലിയ എയ്‌റോ സ്‌പോർട്‌സ് അഡ്വഞ്ചർ ഫെസ്റ്റിവലായ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവൽ ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സാഹസിക ടൂറിസം ലോകത്തിലെ തന്നെ ഏറ്റവും വളർച്ചയുള്ള ടൂറിസം മേഖലയാണ്. ഭൂപ്രകൃതിയിലെ വൈവിധ്യമാണ് കേരളത്തിന്റെ പ്രത്യേകത. ഈ പ്രത്യേകത സാധ്യമാക്കുന്ന പലതരം വിനോദസഞ്ചാര മേഖലകളെ ഉപയോഗപ്പെടുത്താനുള്ള സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ഇതിന്റെ ഭാഗമായാണ് പാരാഗ്ലൈഡിങ് ഫെസ്റ്റ് അടക്കമുള്ള വൈവിധ്യമാർന്ന ഫെസ്റ്റുകൾക്ക് കേരളം ആതിഥ്യമരുളുന്നത്. വാട്ടർ കയാക്കിങ് ഫെസ്റ്റിവൽ, സർഫിങ് ചാമ്പ്യൻഷിപ്പ്, കേരള അന്താരാഷ്ട്ര മൗണ്ടൻ സൈക്ലിങ് ചാമ്പ്യൻഷിപ്പ് തുടങ്ങിയവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. യോഗത്തിൽ വാഴൂർ സോമൻ എം.എൽഎ അദ്ധ്യക്ഷത വഹിച്ചു. 14 മുതൽ 17 വരെയാണ് ഫെസ്റ്റിവൽ അരങ്ങേറുക. പരിപാടിയിൽ ജില്ലാ കളക്ടർ ഷീബാ ജോർജ്, സബ് കളക്ടർ ഡോ.അരുൺ എസ് നായർ, ഏലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്മിണി തോമസ്, വകുപ്പ് ജീവനക്കാർ, വിവിധ സാമൂഹിക രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
മൂന്നാറിന്റെ ടൂറിസം വികസനം സർക്കാരിന്റെ പ്രധാന അജണ്ട
അന്തർദേശീയ തലത്തിൽ തന്നെ അറിയപ്പെടുന്ന കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷനായ മൂന്നാറിന്റെ ടൂറിസം വികസനം ഈ സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട അജണ്ടയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ കീഴിലുള്ള മൂന്നാർ ബൊട്ടാണിക്കൽ ഗാർഡന്റെ മൂന്നാംഘട്ട നിർമാണ പൂർത്തീകരണത്തിന്റെയും മുതിരപ്പുഴയോര സൗന്ദര്യവൽക്കരണ പദ്ധതിയുടെയും ഉദ്ഘാടനം ഓൺലൈനൈയി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഡി റ്റി പി സി ഓഫീസിന് സമീപം സംഘടിപ്പിച്ച പ്രാദേശിക ഉദ്ഘാടന പരിപാടിയിൽ . രാജ എം. എൽ. എ അദ്ധ്യക്ഷത വഹിച്ചു. പഴയ മുന്നാറിൽ സ്ഥിതിചെയ്യുന്ന ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ഓഫീസിന്റെ പുറകിലുള്ള മുതിരപ്പുഴയോര സൗന്ദര്യവൽക്കരണ പദ്ധതിയിൽ കുട്ടികളുടെ പാർക്ക്, ഇരിപ്പിടങ്ങൾ, ലൈറ്റിംഗ് തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്. 3 കോടി 65 ലക്ഷം രൂപ ചിലവിട്ടാണ് മുതിരപ്പുഴയോര സൗന്ദര്യവൽക്കരണ പദ്ധതി നടപ്പിലാക്കിയത്.