തൊടുപുഴ: ഡൽഹി രാം ലീല മൈതാനിയിൽ സംയുക്ത കിസാൻ മോർച്ച സംഘടിപ്പിച്ച കിസാൻ മസ്ദൂർ മഹാ പഞ്ചായത്തിനെ പിന്തുണച്ച് തൊടുപുഴയിൽ വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ ട്രാക്ടർ റാലിയും സമ്മേളനവും നടത്തി. അടിസ്ഥാന താങ്ങുവില നിയമാനുസൃതമാക്കുക, കർഷകരെ കടക്കെണിയിൽ നിന്നും മുക്തരാക്കുക തുടങ്ങിയ ഡിമാന്റുകൾ നേടിയെടുക്കുന്നതിനായാണ് കർഷക സമരം. കർഷകർ ഉൽപാദിപ്പിക്കുന്ന എല്ലാ വിളകൾക്കും ഉത്പാദന ചിലവിന്റെ ഒന്നര മടങ്ങ് എം.എസ് പി . ഉറപ്പാക്കുാൻ മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത കിസാൻ സഭ നേതാവ് വി.ആർ. പ്രമോദ് അഭിപ്രായപ്പെട്ടു.
കർഷകസംഘം നേതാവ് സി.എസ് ഷാജി അദ്ധ്യക്ഷനായി. സംയുക്ത കിസാൻ മോർച്ച അംഗ സംഘടനകളെ പ്രതിനിധീകരിച്ച് കുര്യാച്ചൻ പൊന്നാമറ്റം (കർഷക യൂണിയൻ), പി.പി. ചന്ദ്രൻ (കർഷക സംഘം), എൻ.വിനോദ് കുമാർ (എ.ഐ.കെ.കെ.എം എസ്), പി.എസ്.സുരേഷ്, ആർ. പ്രശോഭ്, എം.ആർ. ശിവ ശങ്കരർ നായർ തുടങ്ങിയവർ സംസാരിച്ചു.