elephant
കാട്ടാന ആക്രമണത്തിൽ തകർന്ന 301 കോളനിയിലെ പരേതനായ ഗോപി നാഗുവിന്റെ വീട്‌

രാജാക്കാട്: ചിന്നക്കനാലിലും മൂന്നാറിലും വീണ്ടും കാട്ടാന ആക്രമണം തുടർക്കഥയാകുന്നു. ചിന്നക്കനാൽ 301 കോളനിയിൽ ഒരു വീടും ദേവികുളത്ത് ഒരു കടയും കാട്ടാന തകർത്തു. അരിക്കൊമ്പനെ നാട് കടത്തിയതിന് പിന്നാലെ ചക്കക്കൊമ്പനാണ് ചിന്നക്കനാൽ മേഖലയിൽ ആക്രമണം നടത്തുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ബുധനാഴ്ച രാത്രി 301 കോളനിയിലെ പരേതനായ ഗോപി നാഗുവിന്റെ വീടാണ് ആക്രമിച്ചത്. ഏതാനും മാസം മുമ്പ് ആനയിറങ്കൽ ഡാമിൽ വള്ളം മറിഞ്ഞാണ് ഗോപി മരിച്ചത്. രാത്രിയിലെത്തിയ കാട്ടാന വീടിന്റെ ഭിത്തി ഇടിച്ച് തകർക്കുകയാണുണ്ടായത്. കുടുംബാംഗങ്ങൾ സ്ഥലത്തില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. രണ്ട് ദിവസം മുമ്പ് ഇതേ ഒറ്റയാൻ പന്നിയാർ എസ്റ്റേറ്റിലെ റേഷൻ കട തകർത്ത് അരി ഭക്ഷിച്ചതും വാർത്തയായിരുന്നു. 13-ാം തവണയാണ് റേഷൻ കട കാട്ടാന ആക്രമിച്ചത്. പിന്നാലെ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് യോഗം നടന്നിരുന്നു. എന്നാൽ ഇതിലെടുത്ത തീരുമാനങ്ങളൊന്നും നടപ്പിലായില്ലെന്നാണ് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത്. ചിന്നക്കനാൽ മേഖലയിലെ ജനവും കാട്ടാനകളും ഭരണ പ്രതിപക്ഷ കക്ഷികൾക്ക് രാഷ്ട്രീയ ആയുധമാകുമ്പോഴും ജനങ്ങളുടെ സുരക്ഷ എവിടെയെന്നത് ചോദ്യചിഹ്നമായി തുടരുകയാണ്.

ദേവികുളത്ത് എസ്റ്റേറ്റ്

തൊഴിലാളികൾ ഭീതിയിൽ

മൂന്നാർ: നിരന്തരമുള്ള കാട്ടാന സാന്നിദ്ധ്യം മൂലം ദേവികുളത്ത് എസ്റ്റേറ്റ് തൊഴിലാളികൾ ഭീതിയിലാണ്. വ്യാഴാഴ്ച പുലർച്ചെയോടെ എത്തിയ കാട്ടാനക്കൂട്ടമാണ് ദേവികുളം ഫാക്ടറി ഡിവിഷനിലെ പലചരക്കുകട തകർത്തത്. ആറു ആനകൾ ഉൾപ്പെട്ട കാട്ടാനക്കൂട്ടം കട തകർത്ത് അകത്തുണ്ടായിരുന്ന രണ്ട് ഉപ്പു ചാക്കുകളുമായാണ് കാട്ടിലേക്ക് മടങ്ങിയത്. പുലർച്ചെ നാല് മണിയോടെ എത്തിയ കാട്ടാന ഒരു മണിക്കൂറോളം സ്ഥലത്ത് നിലയുറപ്പിച്ച ശേഷമാണ് മടങ്ങിയത്. ഫാക്ടറി ഡിവിഷൻ സ്വദേശിയായ ബാലാജിയുടെ കടയാണ് ആക്രമണത്തിൽ നശിച്ചത്. ആറു മാസത്തിന് മുമ്പ് ഇതേ കട കാട്ടാനയുടെ ആക്രമണത്തിൽ തകർന്നിരുന്നു. എസ്റ്റേറ്റ് മേഖലകളിൽ കാട്ടാനയുടെ സാന്നിധ്യം ഓരോ ദിവസവും വർദ്ധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം സെവൻ മം എസ്‌റ്റേറ്റിലെ പാർവ്വതി ഡിവിഷനിൽ സ്‌കൂൾ കുട്ടികൾ ഉൾപ്പടെയുള്ളവർ യാത്രയ്ക്ക് ഒരുങ്ങവേ രാവിലെ എട്ടിന് വീടുകൾക്ക് സമീപം കാട്ടാന എത്തിയിരുന്നു.