കുമളി : കുമളിയിൽ നാട്ടുകാർ വർഷങ്ങളായി ഉപയോഗിക്കുന്ന പൊതുവഴി വേലി കെട്ടി അടയ്ക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ ശ്രമം തടഞ്ഞു. കുമളി റോസാപ്പൂക്കണ്ടത്ത് തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന ടണലിന്റെ കിണറിന് സമീപം വനാതിർത്തിയിലാണ് വനംവകുപ്പിന്റെ പുതിയ തന്ത്രം പാളിയത് . പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നാട്ടുകാർക്കായി നിർമ്മിച്ച കോൺക്രീറ്റ് വഴിയാണ് ഇന്നലെ രാവിലെ വനപാലകർ വേലി കെട്ടി കൈയ്യടക്കാൻ ശ്രമിച്ചത്. നാലടി വീതിയുള്ള നടപ്പാതയിലാണ് വനം വകുപ്പിന്റെ പുത്തൻ അവകാശവാദം. നാട്ടുകാർ തടഞ്ഞതോടെ പഞ്ചായത്ത് മെമ്പർ സ്ഥലത്തെത്തി പ്രശ്‌നപരിഹാരമുണ്ടാക്കുകയായിരുന്നു.
റോസാപ്പൂക്കണ്ടം കോളനിയിലെ നൂറുകണക്കിന് കുടുംബങ്ങൾ ഉപയോഗിക്കുന്ന വഴിയാണിത്. മഴക്കാലത്ത് ചെളിക്കുളമായി നടക്കാൻ പറ്റാതായതോടെയാണ് പഞ്ചായത്ത് നടപ്പാത കോൺക്രീറ്റ് ചെയ്തത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന വനാതിർത്തിയിലുടനീളം വർഷങ്ങളായി ഉപയോഗിക്കുന്ന നടപ്പാതകളുണ്ട്. ഇതൊക്കെ കെട്ടി അടയ്ക്കാനാണ് വനം വകുപ്പ് ശ്രമിക്കുന്നത്.