മറയൂർ: എറണാകുളം എം.പി. ഹൈബി ഈഡന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ അനുവദിച്ച് മറയൂർ കാന്തല്ലൂർ പഞ്ചായത്തുകളിലേക്കായി വാങ്ങിയ ആംബുലൻസിന്റെ ഫ്ളാഗ് ഓഫ് ഡീൻ കുര്യാക്കോസ് എം.പി. നിർവ്വഹിച്ചു. മറയൂർ സി.എച്ച്.സിയിൽ നടന്ന ചടങ്ങിൽ മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ദീപാ അരുൾ ജ്യോതി, ബ്ലോക്ക് മെമ്പർ വിജയ് കാളിദാസ്, മെഡിക്കൽ ഓഫീസർ, ട്രൈബൽ ഓഫീസർ നജീം, പൊതുപ്രവർത്തകരായ ആൻസി ആന്റണി, മുഹമ്മദ് ഇസ്മായിൽ, ഉഷ ഹെന്റി, പി. മണികണ്ഠൻ എന്നിവർ പങ്കെടുത്തു. എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ എസ്.ടി വിഭാഗം ഫണ്ട് അനുവദിക്കുന്നതിന് ആവശ്യത്തിന് എസ്.ടി. വിഭാഗക്കാർ ഇല്ലാത്തതിനാൽ ഡീൻ കുര്യാക്കോസ് എം.പിയുടെ പ്രത്യേക അഭ്യർത്ഥന പ്രകാരമാണ് എസ്.ടി വിഭാഗങ്ങൾ കൂടുതലുള്ള മറയൂർ സി.എച്ച്.സിയ്ക്ക് ആംബുലൻസ് അനുവദിച്ച് വന്നതെന്ന് ഡീൻ കുര്യാക്കോസ് അറിയിച്ചു. മറയൂർ സി.എച്ച്.സി കൂടാതെ മാമലക്കണ്ടം ശങ്കർ മെമ്മോറിയൽ എൽ.പി സ്‌കൂൾ (സ്‌കൂൾ ബസ്- 22 ലക്ഷം), മൂന്നാർ മോഡൽ റസിഡൻഷ്യൽ സ്‌ക്കൂൾ (ജീപ്പ്- 10 ലക്ഷം) എന്നീ സ്‌കൂളുകൾക്കും ഡീൻ കുര്യാക്കോസിന്റെ അഭ്യർത്ഥന പ്രകാരം ഹൈബി ഈഡന്റെ ഫണ്ടിൽ നിന്ന് വാഹനം ലഭിച്ചിട്ടുണ്ട്.