കുടയത്തൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ പങ്കാളിത്തം പരമാവധി ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്ജ്. കാഴ്ചപരിമിതർക്കായുള്ള കുടയത്തൂർ ലൂയി ബ്രെയിൽ മെമ്മോറിയൽ വിദ്യാലയത്തിൽ സംഘടിപ്പിച്ച 'ഇൻക്ളൂസീവ് ഇലകഷൻ' തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടർ. വിദ്യാർത്ഥികളാണ് സമൂഹത്തിന്റെ ഭാവി വഴികാട്ടികൾ. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ അവർക്ക് വലിയ പ്രാധാന്യമുണ്ട്. ജില്ലയിലെ ഭിന്നശേഷിക്കാരായ മുഴുവൻ വ്യക്തികളെയും തിരഞ്ഞെടുപ്പിൽ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാഭരണകൂടവും ജില്ലാ ഇലക്ഷൻ വിഭാഗവും ചേർന്ന് 'ഇൻകളൂസീവ് ഇലകഷൻ' ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയായ സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യക്കേഷൻ ആന്റ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) ഭാഗമായിട്ടായിരുന്നു ഇലക്ഷൻ ക്യാമ്പയിൻ. സബ് കളക്ടർ ഡോ. അരുൺ എസ്. നായർ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടിയുടെ ഭാഗമായി കുട്ടികൾക്ക് വോട്ടിങ് യന്ത്രം പരിചയപ്പെടുത്തി. തുടർന്ന് കുട്ടികൾ 'വോട്ട് പാട്ട്' അവതരിപ്പിച്ചു. ബ്ലൈൻഡ് ഫെഡറേഷൻ ഭാരവാഹികൾ, സ്‌കൂൾ അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.