ഇളംദേശം: ബ്ലോക്ക് പഞ്ചായത്തിന്റെ 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വരുമാനദായക പ്രവൃത്തി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കുടയത്തൂർ, ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തുകളിലെ പട്ടികവർഗ യുവജനങ്ങൾക്ക് വാദ്യോപകരണങ്ങൾ നൽകി. കുടയത്തൂർ ഗ്രാമപഞ്ചായത്തിലെ ശ്രീമൂകാംബിക ശിങ്കാരിമേളം വനിതാ ഗ്രൂപ്പ്, ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിലെ വർണശലഭം സ്വയം സഹായ സംഘം എന്നിവയ്ക്കാണ് പദ്ധതി പ്രകാരമുള്ള വാദ്യോപകരണങ്ങൾ നൽകുന്നത്. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ കുടയത്തൂർ ശ്രീമൂകാംബിക ശിങ്കാരിമേളം വനിതാഗ്രൂപ്പിന് ചെണ്ടയും അനുബന്ധ ഉപകരണങ്ങളും നൽകി ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി തോമസ് കാവാലം പദ്ധതി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കുടയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ അംഗങ്ങളായ ഷൈനി സന്തോഷ്, ആൻസി സോജൻ, ടെസ്സിമോൾ മാത്യു, കെ.എസ്. ജോൺ എന്നിവർ അറിയിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്‌സൺ നൈസി ഡെനിൽ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും നിർവഹണ ഉദ്യോഗസ്ഥനുമായ അജയ് എ.ജെ. നന്ദിയും രേഖപ്പെടുത്തി. തുടർന്ന് ശ്രീമൂകാംബിക വനിതാ ഗ്രൂപ്പ് അംഗങ്ങൾ അവതരിപ്പിച്ച ശിങ്കാരിമേളവും അരങ്ങേറി.