തൊടുപുഴ: വണ്ണപ്പുറം സർവ്വീസ് സഹകരണ ബാങ്കിനെതിരെ ബി.ജെ.പി.യുടെ നേതൃത്വത്തിൽ ഏതാനും ചിലർ നടത്തുന്ന അഴിമതി അരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്ന് ബാങ്ക് പ്രസിഡന്റ് ഷിജോ സെബാസ്റ്റ്യൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആരോപണങ്ങൾ തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. ബാങ്കിൽ നടന്ന സഹകരണ വകുപ്പിന്റെ പരിശോധനയിൽ ഒരഴിമതിയും അവർ കണ്ടെത്തിയിട്ടില്ല. നടപടി ക്രമങ്ങളിൽ ചില പോരായ്മകൾ ഉണ്ടായിട്ടുണ്ട്. നിർമ്മാണ പ്രവൃത്തിയുടെ അനുമതിക്ക് ബാങ്ക് അപേക്ഷ നൽകിയിട്ടുണ്ട്. ആവശ്യമായ പരസ്യം നൽകിയാണ് ക്വട്ടേഷനുകൾ സ്വീകരിച്ചതും അംഗീകരിച്ചതും. ബാങ്കിന്റെ ആസ്തി പണയപ്പെടുത്തി എന്നുള്ള ആരോപണം പച്ചക്കള്ളമാണ്. കാലാകാലങ്ങളിൽ പൊതുയോഗം നടത്താറുണ്ട്. അവസാന പൊതുയോഗം നടന്നത് കഴിഞ്ഞ ഡിസംബറിലാണ്. ബാങ്കിന്റെ പ്രവർത്തനം ഇപ്പോൾ സാധാരണനിലയിൽ മുമ്പോട്ട് പോകുന്നുണ്ട്. ഒറ്റപ്പെട്ട ചില സഹകരണ ബാങ്കുകളിൽ ഉണ്ടായ ക്രമക്കേടുകളും അതിനെ തുടർന്ന് സഹകരണ മേഖലയ്ക്ക് എതിരെ നടന്ന വലിയ പ്രചാരണവും വണ്ണപ്പുറം സഹകരണ ബാങ്കിനെയും ബാധിച്ചിട്ടുണ്ട്. ആശങ്കയിലായ നിക്ഷേപകർ കൂട്ടത്തോടെ വന്ന് നിക്ഷേപം പിൻവലിക്കുന്ന സ്ഥിതിയുണ്ടായി. ഇത് ബാങ്കിനെ ഞെരുക്കത്തിലാക്കി. ഈ പ്രതിസന്ധിഘട്ടം മറികടക്കാൻ ബാങ്ക് ഭരണസമിതിയും ജീവനക്കാരും വലിയ പരിശ്രമം നടത്തുകയാണ്. ഭരണസമിതിയംഗങ്ങളുടെ സ്ഥലം പണയപ്പെടുത്തിയും മറ്റും പരമാവധി തുക സമാഹരിക്കാൻ ശ്രമിച്ചു. ഈ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചതിന്റെ ഭാഗമായി ബാങ്കിന് അധിക ചിലവ് നടത്തേണ്ടിവന്നു. അത് ബാങ്ക് പ്രസിഡന്റിന്റെ അക്കൗണ്ട് വഴിയാണ് ചിലവഴിച്ചത്. ഇത് ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. അത് പരിഹരിക്കുന്നതിനാവശ്യമായ നടപടിയും ബാങ്ക് സ്വീകരിച്ചിട്ടുണ്ട്. പ്രതിസന്ധികൾ പരിഹരിച്ച് ബാങ്കിന്റെ പ്രവർത്തനം പഴയനിലയിലേക്ക് എത്തിക്കാൻ ശ്രമിക്കുകയാണ്. ഇതാണ് വസ്തുത എന്നിരിക്കെ ബി.ജെ.പി. ഉന്നയിച്ച അഴിമതി ആരോപണങ്ങൾ തള്ളികളയണമെന്ന് ബാങ്ക് ഭരണസമിതി പറഞ്ഞു. വാർത്താസമ്മേളനത്തിൽ ബാങ്ക് സെക്രട്ടറി കെ.ആർ. രേഷ്മ, കെ.എം. സോമൻ, ജോഷി തോമസ്, അജിത ദിനേശ് എന്നിവരും പങ്കെടുത്തു.