 500 പേർക്ക് തൊഴിൽ ലഭിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

ചെറുതോണി: സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ജില്ലാ ആസ്ഥാനത്ത് പുതിയതായി അനുവദിച്ചിട്ടുള്ള മിനി ഫുഡ് പാർക്കിനായി കണ്ടെത്തിയ സ്ഥലം വിദഗ്ദ്ധ സംഘം പരിശോധന നടത്തി. ഇടുക്കി ആലിൻചുവട് ഭാഗത്ത് ഡി.ടി.പി.സി വിട്ടുനൽകുന്ന പത്ത് ഏക്കർ സ്ഥലമാണ് സംഘം പരിശോധിച്ചത്. ഫുഡ് പാർക്കിലേക്ക് എത്തിച്ചേരുന്നതിന് റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ദൂരം,​ ഇതുവഴി കടന്നുപോകുന്ന പൊതുമരാമത്ത് റോഡിന്റെ സ്ഥിതി, ജല ലഭ്യത, സൈറ്റിലേക്ക് എൽ.ടി. ലൈൻ വലിക്കാനുള്ള ദൂരം, മണ്ണിന്റെ ഘടന തുടങ്ങിയവ സംഘം വിലയിരുത്തി. തുടർന്ന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള തുടർ നടപടികൾക്കായി യോഗം ചേരുകയും ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ സുഹൈൽ മുഹമ്മദ് ചെയർമാനാനും കിൻഫ്രാ ടെക്‌നിക്കൽ മാനേജർ അനിൽകുമാർ ബി കൺവീനറായും കെ.എസ്.ഐ.ഡി.സി ഡെപ്യൂട്ടി മാനേജർ ജസിൽ ഉമ്മർ എന്നിവർ അടങ്ങിയ സംഘമാണ് യോഗം ചേർന്നത്. സ്ഥല പരിശോധനയ്ക്ക് കമ്മിറ്റിയോടൊപ്പം ഇടുക്കി ഭൂരേഖ തഹസിൽദാർ മിനി ജോൺ, മന്ത്രിയുടെ പ്രതിനിധി ബിനോയ് സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.

മന്ത്രി റോഷി അഗസ്റ്റിൻ ഈ മാസം ഏഴിനാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. തുർന്ന് ജില്ലാ സർവേ ഓഫീസിന് കീഴിലുള്ള സർവേ സംഘം പത്ത് ഏക്കർ സ്ഥലം അളന്ന് തിരിച്ച് തിട്ടപ്പെടുത്തി നൽകിയിരുന്നു. പദ്ധതി പ്രാവർത്തികമാകുന്നതോടെ 500 പേർക്ക് തൊഴിൽ ലഭിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. വിവിധ യൂണിറ്റുകൾക്ക് പ്രവർത്തിക്കാനുള്ള സൗകര്യങ്ങളാണ് ഫുഡ് പാർക്കിന്റെ ഭാഗമായി ജില്ലാ വ്യവസായ വകുപ്പ് മുഖേന നടപ്പിലാക്കുക. സ്ഥലത്തിന്റെ കോണ്ടൂർ സർവ്വേ നടപ്പിലാക്കി അനുബന്ധ സൗകര്യങ്ങൾ കിൻഫ്രാ മുഖേന പൂർത്തിയാക്കി നൽകും. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഫുഡ് പ്രോസസിംഗ് യൂണിറ്റുകൾക്കാണ് പ്രദർശന വിപണനത്തിനായി ഫുഡ് പാർക്കിന്റെ ഭാഗമായി സ്ഥലം ലഭ്യമാക്കുക.