 
പീരുമേട്: ചുരക്കുളം എസ്റ്റേറ്റിൽ കൊലചെയ്യപ്പെട്ട ആറ് വയസുകാരിയുടെ വീട്ടിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ അംഗങ്ങൾ സന്ദർശനം നടത്തി. കുട്ടിയുടെ കൊലപാതക കേസിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ ഇതുവരെ നടത്തിയ നടപടി ക്രമങ്ങൾ കുട്ടിയുടെ മാതാപിതാക്കളെ അറിയിക്കുന്നതിനായിട്ടാണ് ചെയർമാൻ കെ.വി. മനോജ് കുമാറിന്റെ നേതൃത്തിലുള്ള അംഗങ്ങൾ സന്ദർശനം നടത്തിയത്. പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ കുറ്റാരോപിതനെ വെറുതേ വിട്ട കോടതി വിധിക്ക് ശേഷം സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ഇടപെടലുകൾ കേസിൽ ഉണ്ടായിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനോടും സ്‌പെഷ്യൽ പ്രോസിക്യൂട്ടറോടും ബാലാവകാശ കമ്മിഷൻ നേരിട്ട് കാര്യങ്ങൾ അന്വേഷിച്ചിരുന്നു. ഈ രീതിയിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ കേസിൽ നടത്തിയ ഇടപെടലുകൾ കുടുംബത്തെ നേരിട്ട് അറിയിക്കാനായിട്ടാണ് തങ്ങൾ പെൺകുട്ടിയുടെ വീട്ടിൽ എത്തിയതെന്ന് ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ പറഞ്ഞു. കോടതി വിധിക്ക് ശേഷം കേസിൽ വളരെ പെട്ടന്ന് തന്നെ കമ്മിഷൻ ഇടപെടൽ നടത്തിയിട്ടുണ്ടെന്നും സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിച്ചതായും സർക്കാർ നടപടികൾ സ്വീകരിച്ചതായി അറിയിച്ചിട്ടുണ്ടെന്നും ബാലാവകാശ കമ്മിഷൻ അംഗങ്ങൾ അറിയിച്ചു. സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി. മനോജ് കുമാറിനൊപ്പം അംഗങ്ങളായ അഡ്വ. ടി.സി. ജലജമോൾ, എൻ. സുനന്ദ എന്നിവരും വീട് സന്ദർശിച്ചു.