tree

തൊടുപുഴ: റോഡിന് ഇരുവശവും ഇടതൂർന്ന് നിൽക്കുന്ന തണൽമരങ്ങൾ ഇടുക്കിയിലെത്തുന്ന ഏത് സഞ്ചാരിയുടെയും മനംകുളിർക്കുന്ന കാഴ്ചയാണ്. ആ മനംമയക്കുന്ന കാഴ്ചയ്ക്കപ്പുറം ഒരു നിശബ്ദ കൊലയാളിയുണ്ടെന്ന് തിരിച്ചറിയാറില്ല. മഴക്കാലത്ത് മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനുമൊപ്പം മരം വീണും നിരവധിപേരുടെ ജീവനാണ് ജില്ലയിൽ ഓരോ വർഷവും നഷ്ടമാകുന്നത്. പലതും ഒറ്റപ്പെട്ട സംഭവങ്ങളായതിനാൽ അധികമാരും ശ്രദ്ധിക്കാറില്ലെന്ന് മാത്രം. കാലവർഷം ശക്തമായ കഴിഞ്ഞ വർഷം മരംവീണ് മാത്രം നൂറോളം അപകടങ്ങളാണ് ജില്ലയിലുണ്ടായത്. റോഡിലേക്ക് മരംവീണ് ഗതാഗതം തടസപ്പെട്ടതും വൈദ്യുതിപോസ്റ്റ് തകർന്നതും ഇതിന്റെ രണ്ടിരട്ടി വരും. നെടുങ്കണ്ടം മേഖലയിലെ മൂന്ന് തോട്ടങ്ങളിൽ മരം വീണ് മൂന്ന് നിർദ്ധന തൊഴിലാളികൾക്ക് ജീവൻ നഷ്ടമായിരുന്നു. അപകടഭീഷണിയുള്ള മരങ്ങൾ മുറിച്ചുനീക്കണമെന്ന് എത്രതവണ ആവശ്യപ്പെട്ടാലും അധികൃതർ തയ്യാറാകാത്തതാണ് പ്രധാന പ്രശ്‌നം.

സർക്കാർ ഭൂമിയിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ അതത് വകുപ്പുകളും സ്വകാര്യ വ്യക്തികളുടെ പറമ്പിലെ മരങ്ങൾ അതത് സ്ഥലമുടമയും മുറിക്കണമെന്നതാണ് വ്യവസ്ഥ. സ്വകാര്യ വ്യക്തികൾ മുറിച്ച് നീക്കിയില്ലെങ്കിൽ അതത് തദ്ദേശ സ്ഥാപനങ്ങൾ അതിന് തയ്യാറാകണം. ഇതിന് ആവശ്യമായ പണം സ്ഥലമുടമയിൽ നിന്ന് ഈടാക്കണം. മരത്തിന്റെ അപകടാവസ്ഥ പരിഹരിക്കാൻ തദ്ദേശസ്ഥാപനങ്ങളിലുള്ള 'ട്രീ കമ്മിറ്റി' യോഗം ചേരണം. നിർദേശങ്ങളും ഉത്തരവുകളുമൊന്നും പാലിക്കപ്പെട്ടില്ലാറില്ല. സ്വകാര്യ ഭൂമിയിലടക്കം നിരവധിയിടങ്ങളിൽ ചെറുതും വലുതുമായ മരങ്ങൾ വീണ് അപകടങ്ങളുണ്ടാകുന്നുണ്ട്. പലപ്പോഴും ഭാഗ്യം കൊണ്ട് മാത്രമാണ് ദുരന്തമൊഴിവാകുന്നത്.

കാണുന്നുണ്ടോ

ഈ അപകടം

മലങ്കര: മുട്ടം- തൊടുപുഴ റൂട്ടിൽ മ്രാല, മൂന്നാം മൈൽ പ്രദേശങ്ങളിൽ പാതയോരത്ത് നിരവധി മരങ്ങളാണ് അപകടാവസ്ഥയിലുള്ളത്. മൂന്നാംമൈൽ- മ്രാല ഭാഗത്ത് പത്തോളം വലിയ മരങ്ങളുടെ ശിഖരങ്ങളാണ് റോഡിലേക്ക് ചാഞ്ഞ് ചെറിയ കാറ്റടിച്ചാൽ പോലും ഒടിഞ്ഞ് നിലത്തേക്ക് വീഴുന്ന അവസ്ഥയിൽ നിൽക്കുന്നത്. ഉണങ്ങി ദ്രവിച്ച നിരവധി മരങ്ങളുടെ കൊമ്പുകളും പ്രദേശത്ത് അപകട ഭീഷണിയിലാണ്. മരങ്ങൾ പൂർണ്ണമായും ചുവടോടെ മുറിക്കാതെ അപകടാവസ്ഥയിലുള്ള ശിഖരങ്ങൾ മാത്രം മുറിച്ച് പ്രശ്‌നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഏതാനും മാസങ്ങൾക്ക് മുമ്പ് മൂന്നാംമൈൽ ഭാഗത്ത് പാതയോരത്തെ വലിയമരം കടപുഴകി സമീപത്തെ വീടിന്റ മുറ്റത്തേക്ക് പതിച്ചിരുന്നു. വീടിന്റെ മുറ്റത്ത് ആരും ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. തൊടുപുഴ, മൂലമറ്റം, ഇടുക്കി, പാലാ, ഈരാറ്റുപേട്ട ഭാഗങ്ങളിലേക്കുള്ള ചെറുതും വലുതുമായ ആയിരക്കണക്കിന് വാഹനങ്ങൾ ദിവസവും കടന്ന് പോകുന്ന പാതയോരത്താണ് മരങ്ങൾ അപകടാവസ്ഥയിലുള്ളത്. പൊതുമരാമത്ത്, കരിങ്കുന്നം പഞ്ചായത്ത് അധികൃതർ പ്രശ്‌ന പരിഹാരത്തിന് ഇടപെടൽ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.