തൊടുപുഴ: സെർവർ തകരാറിനെ തുടർന്ന് റേഷൻ കാർഡ് മസ്റ്ററിംഗ് ഇന്നലെയും തടസം നേരിട്ടതോടെ പതിനായിരക്കണക്കിന് ഉപഭോക്താക്കൾ വലഞ്ഞു. ബയോമെട്രിക് കാർഡ് ഓതന്റിഫിക്കേഷൻ കൃത്യമായി നടക്കാത്തതാണ് കാരണം. മഞ്ഞ, പിങ്ക് കാർഡിലെ അംഗങ്ങൾക്കാണ് കേന്ദ്രനിർദേശമനുസരിച്ച് റേഷൻ കടകളിലെ ഭക്ഷ്യവിതരണം നിറുത്തി വച്ച് ഇന്നലെ മുതൽ മൂന്ന് ദിവസത്തേക്ക് മസ്റ്ററിംഗ് തീരുമാനിച്ചത്. റേഷൻ കടകൾക്ക് സമീപത്തുള്ള ക്ലബ്ലുകൾ, ഗ്രന്ഥശാലകൾ, അംഗനവാടികൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ, ഓഡിറ്റോറിയങ്ങൾ തുടങ്ങിയ വിവിധ കേന്ദ്രങ്ങളിലായിരുന്നു മസ്റ്ററിംഗ് ക്യാമ്പുകൾ സജ്ജമാക്കിയിരുന്നത്. കിടപ്പുരോഗികളെ ഉൾപ്പടെ മസ്റ്ററിംഗിന് എത്തിച്ചിരുന്നു. എന്നാൽ, രാവിലെ ഒമ്പതരയോടെ തന്നെ സെർവർ പണിമുടക്കി. സർവർ തകരാറിനെ തുടർന്ന് സംസ്ഥാന വ്യാപകമായി തന്നെ മസ്റ്ററിംഗ് നിറുത്തിവയ്ക്കുകയായിരുന്നു. ഇതോടെ മന്ത്രിയുടെ നിർദ്ദേശമനുസരിച്ച് പിങ്ക് കാർഡുകാരുടെ ആധാർ മസ്റ്ററിംഗ് തത്ക്കാലം മാറ്റിവച്ചു. തുടർന്ന് മഞ്ഞക്കാർഡുകാർക്ക് മാത്രമായി മസ്റ്ററിംഗ് പുനരാംഭിച്ചെങ്കിലും കാര്യമായ ഫലം ഉണ്ടായില്ല. ചിലർക്ക് മാത്രമാണ് മസ്റ്ററിംഗ് നടത്താനായത്. സ്ത്രീകളും വൃദ്ധരുമടക്കം നൂറുകണക്കിനാളുകൾ വിവിധ കേന്ദ്രങ്ങളിൽ മസ്റ്ററിംഗ് നടത്താനായി രാവിലെ മുതൽ എത്തിയിരുന്നു. മൂന്ന് ദിവസം മാത്രമാണ് മസ്റ്ററിംഗിനായി സമയം അനുവദിച്ചിരുന്നത് എന്നതിനാൽ പലരും ഒരു ദിവസത്തെ ജോലി കളഞ്ഞാണ് കാർഡിലെ അംഗങ്ങളുമായി ക്യാമ്പുകളിൽ എത്തിയിരുന്നത്. ഏറെനേരം കാത്തുനിന്നിട്ടും മസ്റ്ററിംഗ് നടത്താനാവാതെ നിരവധിപേർ നിരാശരായി മടങ്ങി. പല സ്ഥലങ്ങളിലും കാർഡ് ഉടമകൾ പ്രതിഷേധവുമായി രംഗത്തുവന്നു. സെർവർ തകരാർ പൂർണമായും പരിഹരിക്കാതെ ഇന്നലെ വീണ്ടും മസ്റ്ററിംഗ് ആരംഭിച്ചതാണ് പ്രശ്‌നത്തിനു കാരണമെന്ന് റേഷൻവ്യാപാരികൾ ആരോപിച്ചു. മാർച്ച് 31ന് മുമ്പ് മസ്റ്ററിംഗ് പൂർത്തിയാക്കണമെന്നാണ് കേന്ദ്രനിർദ്ദേശം.
ജില്ലയിൽ 171,100 കാർഡുകൾ
 മഞ്ഞകാർഡ്- 34,558
 പിങ്ക് കാർഡ്- 136542
'ഇന്നലെ ഉച്ചവരെ സർവർ തകരാറിയിരുന്നെങ്കിലും, ഉച്ചകഴിഞ്ഞ് മഞ്ഞ കാർഡുകാരിൽ പലരുടെയും മസ്റ്ററിംഗ് പൂർത്തിയാക്കാനായി. വൈകിട്ട് നാലര മുതൽ ഏഴ് വരെ കുറേ സ്ഥലങ്ങളിൽ സുഗമമായി നടന്നു.
-സജിമോൻ (ജില്ലാ സപ്ലൈ ഓഫീസർ)