ഇരട്ടയാർ: ഗ്രാമപഞ്ചായത്തിൽ ഹരിതസ്ഥാപന പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി മാത്യു അദ്ധ്യക്ഷത വഹിച്ചു. നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ നടത്തിയ ഗ്രേഡിങ്ങിലൂടെ ഒമ്പത് സർക്കാർ സ്ഥാപനങ്ങൾക്കാണ് ഹരിത ഓഫീസ് പദവി ലഭിച്ചത്. ഹരിത കേരളം മിഷന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥാപനങ്ങളിൽ ഗ്രീൻ ഓഡിറ്റിംഗ് നടത്തുകയും ഗ്രേഡ് നൽകുകയും ചെയ്തു. ഇതിൽ എയും എ പ്ലസും ഗ്രേഡുകൾ നേടിയ സ്ഥാപനങ്ങളെയാണ് ഹരിതസ്ഥാപനങ്ങളായി പ്രഖ്യാപനം നടത്തുന്നതും സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതും. ശാന്തിഗ്രാം ഗാന്ധിജി സർക്കാർ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, ചെമ്പകപ്പാറ പ്രൈമറി ഹെൽത്ത് സെന്റർ, ഇരട്ടയാർ നോർത്ത് സർക്കാർ മൃഗാശുപത്രി, ഇരട്ടയാർ ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ ഓഫീസ്, എം.ജി.എൻ. ആർ.ഇ.ജി.എസ് ഓഫീസ്, എൽ. എസ്. ജി. ഡി അസിസ്റ്റന്റ് എഞ്ചിനീയർ ഓഫീസ്, കൃഷിഭവൻ, ആയുർവേദ ആശുപത്രി എന്നീ സ്ഥാപനങ്ങൾക്കാണ് പദവി ലഭിച്ചത്. ഗ്രീൻ പ്രോട്ടോകോൾ പരിപാലനം, ശുചിത്വ മാലിന്യ സംസ്‌കരണം, ജലസുരക്ഷ, ഊർജ സംരക്ഷണം തുടങ്ങിയവയാണ് ഓഫീസുകൾ ഗ്രേഡ് നേടിയെടുക്കുന്നതിന്റെ പ്രധാന ഘടകമായി പരിഗണിച്ചത്.
യോഗത്തിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ രജനി സജി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ജയിനമ്മ ബേബി, പഞ്ചായത്തംഗങ്ങളായ ജിൻസൺ വർക്കി പുളിയംകുന്നേൽ, ജോസക്കുട്ടി അരീപറമ്പിൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശിവദാസ് എൻ.ആർ, ഉദ്യോഗസ്ഥരായ ബീന എൻ, ജോൺസൺ എം.വി., എബി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.