krishi
കഴിഞ്ഞ ദിവസം രാത്രി കാട്ടാനക്കൂട്ടം നശിപ്പിച്ച കൃഷിയിടം

പീരുമേട്: ജനവാസ മേഖലയിൽ മാസങ്ങളായി നിലയുറപ്പിച്ചിരിക്കുന്ന കാട്ടാനക്കൂട്ടം വനത്തിലേക്ക് മടങ്ങാത്തതിനെ തുടർന്ന് നാട്ടുകാർ ഭീതിയിൽ. ഇന്നലെയും ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി കൃഷികൾ നശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി പീരുമേട് ട്രഷറിക്ക് സമീപം ജനവാസ മേഖലയിൽ എത്തിയ കാട്ടാന കൃഷിസ്ഥലത്ത് കയറി കൃഷിദേഹണ്ഡങ്ങൾ നശിപ്പിക്കുകയായിരുന്നു. വീടുകളുടെ മുമ്പിൽ വരെയെത്തിയ കാട്ടാനയെ നാട്ടുകാർ ബഹളം വച്ച് തുരത്തുകയാണുണ്ടായത്. പൂമാലയിൽ മുഹമ്മദിന്റെ കൃഷിസ്ഥലത്ത് കയറിയ ആന വ്യാപക കൃഷി നാശമാണ് വരുത്തിയത്. തെങ്ങ്, വാഴ, ഏലം, തുടങ്ങിയവയെല്ലാം പൂർണമായി നശിപ്പിച്ചു. കൃഷി നശിപ്പിക്കുന്ന ശബ്ദം കേട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ ബഹളം വച്ചാണ് ആനയെ ഓടിച്ചത്. വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഏതാനും മാസങ്ങളായി പീരുമേട്ടിൽ ജനവാസ മേഖലയിൽ തുടരുന്ന കാട്ടാനശല്യത്തിന് ഇതുവരെയും അറുതിയായില്ല. വിവിധ കൂട്ടങ്ങളായി ജനവാസ മേഖലയിൽ എത്തിയ ആന കൃഷിസ്ഥലത്തെത്തി വ്യാപക കൃഷി നാശമാണ് വരുത്തുന്നത്. ഇത് പ്രദേശത്തെ നാട്ടുകാരുടെ സ്വൈര്യ ജീവിതത്തിനും പ്രതിസന്ധിയാണ്. രാത്രിയിൽ എത്തുന്ന കാട്ടാനകൾ പുലർച്ചെ വരെ ജനവാസ മേഖലയിൽ തങ്ങുന്നുണ്ട്. വിവിധ സർക്കാർ ഓഫീസുകൾ, സ്‌കൂളുകൾ, അതിഥി മന്ദിരം, സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കുന്ന പ്രദേശത്താണ് ആന തമ്പടിച്ചിരിക്കുന്നത്. വനംവകുപ്പിന്റെ ഭാഗത്തു നിന്ന് കാര്യക്ഷമമായ ഒരു ഇടപെടൽ ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർക്ക് പരാതി ഉണ്ട്.