waste
തൊടുപുഴ മിനി സിവിൽ സ്റ്റേഷനിലെ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസിനു മുന്നിൽ കൂടിക്കിടക്കുന്ന മാലിന്യം

തൊടുപുഴ: നഗരസഭയുടെ ഹരിത പദവി ലഭിച്ച സ്ഥാപനത്തിനു മുന്നിൽ പോലും മലിന വസ്തുക്കൾ നീക്കാതെ കെട്ടിക്കിടക്കുന്നു. നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിത പദവി ലഭിച്ച തൊടുപുഴ പ്രിൻസിപ്പിൽ കൃഷി ഓഫീസിന് മുന്നിൽ മാലിന്യം കൂട്ടിയിട്ട നിലയിലാണ്. ഹരിത കേരളം മിഷൻ അധികൃതർ സ്ഥാപനത്തിലെത്തി പരിശോധന നടത്തിയ ശേഷമാണ് ഹരിത പദവി നൽകുന്നത്. എന്നാൽ ഇവിടെ ഓഫീസിനു മുന്നിൽ ജനങ്ങളും ജീവനക്കാരും സഞ്ചരിക്കുന്ന വരാന്തയിലാണ് ചാക്കിൽ കെട്ടിയ നിലയിലും വേസ്റ്റ് ബക്കറ്റിലുമായി ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മലിന വസ്തുക്കൾ ദിവസങ്ങളായി കൂട്ടിയിട്ടിരിക്കുന്നത്. ഗ്രീൻ പ്രോട്ടോകോൾ പരിപാലനം, ശുചിത്വ മാലിന്യ സംസ്‌കരണം എന്നിവ ഉൾപ്പെടെ മികച്ച രീതിയിൽ നടപ്പാക്കുന്ന സ്ഥാപനങ്ങൾക്കാണ് ഹരിത പദവി നൽകുന്നത്. നഗരസഭയുടെ മാലിന്യ നീക്കം നിലച്ചതാണ് പല സ്ഥാപനങ്ങൾക്കു മുന്നിലും മലിന വസ്തുക്കൾ കുമിയാൻ കാരണമെന്ന് സ്ഥാപന അധികൃതർ പറയുന്നു.

നഗരസഭയിലെ സ്ഥാപനങ്ങളിൽ ശുചിത്വ മാലിന്യ സംസ്‌കരണവും മറ്റും മികച്ച രീതിയിൽ നടപ്പാക്കുന്നതിനുള്ള കർമ പദ്ധതികൾക്കിടയിലാണ് മാലിന്യ നീക്കം അവതാളത്തിലായത്. നേരത്തെ നഗരസഭയുടെ വാഹനത്തിലെത്തി സ്ഥാപനങ്ങളിൽ നിന്നും മാലിന്യം ശേഖരിച്ചിരുന്നെങ്കിലും ഇപ്പോൾ ഈ പ്രവർത്തനം നിലച്ചിരിക്കുകയാണ്. തൊടുപുഴ മിനി സിവിൽ സ്റ്റേഷനിലെ സ്ഥാപനങ്ങളിൽ നിന്ന് വാഹനങ്ങളിലെത്തിയാണ് മാലിന്യം ശേഖരിച്ചിരുന്നത്. അതത് സർക്കാർ സ്ഥാപനങ്ങളിലെ ശുചീകരണ ജോലിക്കാർ മാലിന്യം വാഹനത്തിലെത്തിച്ചു നൽകിയിരുന്നു. എന്നാൽ വാഹനം വരാതായതോടെ പല സ്ഥാപനങ്ങളിലെയും മാലിന്യ നീക്കവും അവതാളത്തിലായി.

മൂന്ന് സ്ഥാപനങ്ങൾക്ക് ഹരിത ഓഫീസ് പദവി

തൊടുപുഴ: നവകേരളം കർമ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷനും തൊടുപുഴ നഗരസഭയും ചേർന്ന് നടത്തിയ ഗ്രീൻ ഓഡിറ്റിംഗിൽ മൂന്ന് സ്ഥാപനങ്ങൾക്ക് ഹരിത ഓഫീസ് പദവി ലഭിച്ചു. സബ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസ്, ഡോ. എപിജി അബ്ദുൾ കലാം ഹയർ സെക്കൻഡറി സ്‌കൂൾ, തൊടുപുഴ പ്രിൻസിപ്പിൽ കൃഷി ഓഫീസ് എന്നീ സ്ഥാപനങ്ങൾക്കാണ് ഹരിത ഓഫീസ് പദവി ലഭിച്ചത്.
ഗ്രീൻ ഓഡിറ്റിംഗിൽ എ ഗ്രേഡ് നേടിയ സ്ഥാപനങ്ങൾക്കാണ് ഹരിത സ്ഥാപന പദവിയും സർട്ടിഫിക്കറ്റും നൽകുന്നത്. ഗ്രീൻ പ്രോട്ടോകോൾ പരിപാലനം, ശുചിത്വ മാലിന്യ സംസ്‌കരണം, ജല സുരക്ഷ, ഊർജ സംരക്ഷണം എന്നിവ പരിശോധിച്ചാണ് ഗ്രേഡിംഗ് നൽകുന്നത്. ചെയർമാൻ സനീഷ് ജോർജ് ശുചിത്വ പദവി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. വൈസ് ചെയർപേഴ്‌സൺ പ്രൊഫ. ജെസി ആന്റണി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.എ കരീം, പി.ജി. രാജശേഖരൻ, കൗൺസിലർ കവിത വേണു, മുനിസിപ്പൽ സെക്രട്ടറി ബിജുമോൻ ജേക്കബ്, ജോയിന്റ് ആർ.ടി.ഒ അനിൽ കുമാർ, എ.പി.ജെ അബ്ദുൾ കലാം എച്ച്.എസ്.എസ് പ്രിൻസിപ്പിൽ ജയ കുമാരി, പ്രിൻസിപ്പൽ കൃഷി ഓഫീസ് ജൂനിയർ സൂപ്രണ്ട് എം.എം. മഞ്ജുഹാസൻ, നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ബിജോ മാത്യു, പ്രജീഷ് കുമാർ, ഹരിതമിത്രം ജില്ലാ കോ- ഓർഡിനേറ്റർ അലീന, ശുചിത്വ മിഷൻ വൈപി വീണ വിശ്വനാഥ് എന്നിവർ പങ്കെടുത്തു.