തൊടുപുഴ: തിരഞ്ഞെടുപ്പ് തീയതിയ്ക്കൊപ്പം എൻ.ഡി.എ സ്ഥാനാർത്ഥിയെയും കൂടി പ്രഖ്യാപിച്ചതോടെ ഇടുക്കി മണ്ഡലത്തിന്റെ സമ്പൂർണ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിൽ മത്സരിച്ച സംഗീത വിശ്വനാഥാണ് എൻ.ഡി.എയ്ക്കായി അങ്കത്തിനിറങ്ങുന്നത്. ഇടത് സ്ഥാനാർത്ഥിയായി ജോയ്സ് ജോർജ്ജും യു.ഡി.എഫ് സ്ഥാനാർത്ഥിയായി ഡീൻ കുര്യാക്കോസും മൂന്നാം വട്ടവും ഏറ്റുമുട്ടുമ്പോഴാണ് ഒരു വനിത ശക്തമായ പോരോട്ടത്തിനിറങ്ങിയിരിക്കുന്നത്. ജോയ്സും ഡീനും മണ്ഡലം കൺവെൻഷനുകളുമായി കളം നിറഞ്ഞു കഴിഞ്ഞു. ഇടുക്കി മണ്ഡലം സുപരിചതമായ സംഗീത മറ്റ് സ്ഥാനാർത്ഥികൾക്കൊപ്പം വൈകാതെ ഓടിയെത്തുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ ക്യാമ്പ്. അടുത്ത ദിവസം മണ്ഡലത്തിലെത്തുന്ന സംഗീതയ്ക്ക് വൻ സ്വീകരണമൊരുക്കാനുള്ള ശ്രമത്തിലാണ് ബി.ഡി.ജെ.എസ് ജില്ലാ നേതാക്കൾ. സംഗീതയും കൂടി ഗോഥയിലിറങ്ങുന്നതോടെ തിരഞ്ഞെടുപ്പ് അങ്കം ചൂട് പിടിക്കും. സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയത് ദോഷമാകില്ലെന്ന് എൻ.ഡി.എ നേതാക്കൾ പറയുന്നു. കഴിഞ്ഞ തവണ ബിജു കൃഷ്ണന് ലഭിച്ച വോട്ടിന്റെ ഇരട്ടി നേടാനാണ് ശ്രമം. നരേന്ദ്രമോദി സർക്കാരിന്റെ വികസനവും വനിതയെന്ന പ്രത്യേകതയും വോട്ടായി മാറുമെന്നാണ് വിലയിരുത്തൽ.

ഇനി 41 ദിവസം

ലോക്സഭാ തിര‌ഞ്ഞെടുപ്പിന് ഇനി കൃത്യം 41-ാം ദിവസമാണുള്ളത്. നേരത്തെ പ്രചരണം ആരംഭിച്ചതിനാൽ ഇനിയും ഏറെ ദിവസങ്ങളുണ്ടെന്നത് പ്രതിസന്ധിയാണ്. കനത്ത ചൂടും പണച്ചെലവുമാണ് സ്ഥാനാർത്ഥികളെയും മുന്നണികളെയും വലയ്ക്കുന്നത്. നിലവിൽ ജോയ്സും ഡീനും തിരഞ്ഞെടുപ്പ് കൺവെഷനുകളിലാണ്. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും ഇരുവരുടെയും പോസ്റ്ററും ചുവരെഴുത്തും നിറഞ്ഞുകഴിഞ്ഞു. പരമാവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ട് ചോദിക്കാനാണ് സ്ഥാനാർത്ഥികൾ ശ്രമിക്കുന്നത്.

2019ലെ വോട്ട്

ഡീൻ കുര്യാക്കോസ് (യു.ഡി.എഫ്)- 4,98,493

ജോയ്‌സ് ജോർജ്ജ് (എൽ.ഡി.എഫ്)- 3,27,440

ബിജു കൃഷ്ണൻ (എൻ.ഡി.എ)- 78,648

അഡ്വ. സംഗീത വിശ്വനാഥൻ (എൻ.ഡി.എ സ്ഥാനാർത്ഥി)​

വയസ് 48. 2016ൽ കൊടുങ്ങല്ലൂർ നിയോജക മണ്ഡലം, 2021ൽ ഇടുക്കി നിയോജക മണ്ഡലം എന്നിവിടങ്ങളിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. തൃശൂർ വടൂക്കര വലിയപറമ്പിൽ വിശ്വനാഥന്റെ ഭാര്യയാണ്. വിദ്യാഭ്യാസം എൽ.എൽ.ബി, എൽ.എൽ.എം, കമ്പ്യൂട്ടർ ആപ്ലിക്കേഷനിലും അക്കൗണ്ടിങ് പാക്കേജിലും ഡിപ്ലോമ. എസ്.എൻ.ഡി.പി യോഗം വനിതാ സംഘം കേന്ദ്ര കമ്മിറ്റി സെക്രട്ടറി, ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. കൊല്ലം എസ്.എൻ ട്രസ്റ്റിന്റെ എക്‌സിക്യൂട്ടീവ് മെമ്പർ, തൃശൂരിലെ ജൻ ശിക്ഷൺ സൻസ്ഥാൻ മുൻ ചെയർപേഴ്സൺ, ലയൺസ് ക്ലബ് വൈസ് പ്രസിഡന്റ്, തൃശൂർ ജില്ലാ പ്രൊഫഷണൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ, ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനി ലീഗൽ സ്റ്റാൻഡിംഗ് കൗൺസിൽ തുടങ്ങിയ ചുമതലകൾ മുമ്പ് വഹിച്ചിട്ടുണ്ട്. 1999 മുതൽ തൃശൂരിലും 2018 മുതൽ ഹൈക്കോടതിയും വക്കീലായി പ്രാക്ടീസ് ചെയ്യുന്നു. മക്കൾ അഭിരാം, ഉത്തര. അച്ഛൻ: പരേതനായ രണദേവ്. അമ്മ: ഗീത.