തൊടുപുഴ: കൃഷിവകുപ്പിൽ മാനദണ്ഡങ്ങൾ ലംഘിച്ച് ക്രമവിരുദ്ധ സ്ഥലംമാറ്റം നടക്കുകയാണെന്ന് അഗ്രികൾച്ചറൽ അസിസ്റ്റന്റ് അസോസിയേഷൻ ആരോപിച്ചു. അപേക്ഷപ്രകാരം സ്ഥലംമാറ്റ നിയമനം ലഭിച്ച ഓഫീസിൽ ജോയിൻ ചെയ്യുന്നതിന് മുമ്പേ അടുത്ത കൃഷിഭവനിലേക്ക് ജീവനക്കാർക്ക് സ്ഥലംമാറ്റം നൽകിയിരിക്കുകയാണ്. ഭരണാനുകൂല സംഘടനയിലെ ജീവനക്കാരെ അവർക്ക് ഇഷ്ടമുള്ള തരത്തിൽ നിയമിക്കുന്നതിനാണ് ഇത്തരത്തിൽ ഇപ്പോൾ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ക്യൂ ലിസ്റ്റ് അനുസരിച്ച് മാത്രം അടുത്ത പൊതു സ്ഥലംമാറ്റത്തിന് മുമ്പുള്ള ഒഴിവുകൾ നികത്തണമെന്നാണ് മാനദണ്ഡം. എന്നാൽ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ക്യൂലിസ്റ്റും റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കാതെ ജീവനക്കാരുടെ ട്രാൻസ്ഫർ നടപടികൾ അട്ടിമറിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മൂന്നുവർഷമായി ജീവനക്കാർ ഈ വിഷയത്തിൽ സമരത്തിലാണ്. കൃഷി അസിസ്റ്റന്റുമാരുടെ പൊതു സ്ഥലംമാറ്റത്തിൽ ഉണ്ടാകുന്ന വ്യാപകമായ പരാതി പരിഹരിക്കുന്നതിനായി പരാതിക്കാരുമായി ചർച്ച നടത്തി ആവശ്യമായ മാറ്റങ്ങൾ നിയമത്തിൽ വരുത്തണമെന്ന് ഹൈക്കോടതിയുടെ ഉത്തരവുണ്ടായിട്ടും നടപ്പാക്കുന്നില്ല. കൃഷിവകുപ്പിൽ മാത്രം ജീവനക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രണ്ട് ഘട്ടം ആയിട്ടുള്ള ഓൺലൈൻ സ്ഥലമാറ്റമാണ് ഇപ്പോൾ നടക്കുന്നത്. അതുമൂലം അനേക ജീവനക്കാർക്ക് വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറി പോകേണ്ടി വരുന്നു. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ഉത്തരവനുസരിച്ച് കൃഷിവകുപ്പിലെ അഗ്രികൾച്ചറൽ അസിസ്റ്റന്റ് മാരുടെയും അസിസ്റ്റന്റ് അഗ്രികൾച്ചറൽ ഓഫീസർമാരുടെയും ഒഴിച്ച് മറ്റുള്ള എല്ലാ കാറ്റഗറികളുടെയും ക്യൂ ലിസ്റ്റും റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കുകയുണ്ടായി. എന്നാൽ കൃഷി അസിസ്റ്റന്റുമാരുടെയും അസിസ്റ്റന്റ് കൃഷി ഓഫീസർമാരുടെയും ക്യൂലിസ്റ്റ് റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കാത്തത് മൂലമാണ് ഇഷ്ടക്കാർക്ക് യഥേഷ്ടം ട്രാൻസ്ഫർ നൽകാൻ കഴിയുന്ന സാഹചര്യം ഉണ്ടാവുന്നത്. വകുപ്പിലെ ക്രമരഹിതമായ സ്ഥലം മാറ്റത്തിനെതിരെ അഗ്രികൾച്ചറൽ അസിസ്റ്റന്റ് അസോസിയേഷൻ കേരള പ്രതിഷേധിച്ചു.