തൊടുപുഴ: അർബൻ കോ- ഓപ്പറേറ്റീവ് ബാങ്കിനെതിരെ രാഷ്ട്രീയ പ്രേരിതമായി നടക്കുന്ന ആക്ഷേപങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ചെയർമാൻ വി.വി. മത്തായി, വൈസ് ചെയർമാൻ ടി.കെ. ശിവൻ നായർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നോട്ട് നിരോധനം, കൊവിഡ് മഹാമാരി, രണ്ട് പ്രളയങ്ങൾ, യു.ഡി.എഫ് ഭരണകാലത്ത് നടത്തിയ ബാർ ലൈസൻസ് പിൻവലിക്കൽ എന്നിവമൂലം സാമ്പത്തിക മേഖലയിൽ വന്ന മുരടിപ്പ് നിഷ്‌ക്രിയ ആസ്തി വർദ്ധിക്കാൻ കാരണമായി. കേരളത്തിലെ സഹകരണ മേഖലയ്ക്ക് പൊതുവേ ബാധിച്ച പ്രതിസന്ധി തൊടുപുഴ അർബൻ ബാങ്കിനുമുണ്ട്. ഇതിന്റെ ഭാഗമായി ആർ.ബി.ഐ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഈ സാഹചര്യത്തിൽ ജീവനക്കാരും ഭരണസമിതിയും കൂട്ടായി റിക്കവറി നടപടിയിലൂടെയും സഹകാരികളെ നേരിൽക്കണ്ട് സംസാരിച്ചതിലൂടെയും 85 കോടി രൂപയുടെ റിക്കവറി കഴിഞ്ഞ 15 മാസത്തിൽ നടത്തിയിട്ടുണ്ട്. ഇതിലൂടെ തൻവർഷം ബാങ്കിന്റെ പ്രവർത്തന ലാഭം 3.77 കോടിരൂപയാണ്. നാളിതുവരെയുള്ള ബാങ്കിന്റെ പ്രവർത്തനത്തിൽ വന്നിട്ടുള്ള 10.56 കോടിയുടെ നഷ്ടം ഈ മാർച്ച് പൂർത്തിയാകുന്നതോടെ പരിഹരിക്കാനാകും. ഇത് മനസിലാക്കിയാണ് ചില സ്ഥാപിത താത്പര്യക്കാർ വ്യാജ പ്രചാരണങ്ങളുമായി ബാങ്കിനെയും ഭരണസമിതിയെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത്. ഈ പ്രവർത്തനങ്ങൾക്കിടയിലും സ്ഥലത്തിന്റെ വിലയിൽ വന്നിട്ടുള്ള ഇടിവും പൊതുവേയുള്ള സാമ്പത്തിക മാന്ദ്യവും നിയമക്കുരുക്കുകളും റിക്കവറി നടപടികൾ ആഗ്രഹിച്ച നിലയിൽ മുന്നോട്ടുപോകുന്നതിൽ തടസമായിട്ടുണ്ട്. ഈ സാഹചര്യത്തിലും കടക്കെണിയിൽപെട്ട സഹകാരികളെ യാതൊരുവിധത്തിലും ദ്രോഹിക്കാതെ റിക്കവറി നടപടികൾ മുന്നോട്ടുകൊണ്ടുപോകാനാണ് ബാങ്ക് ശ്രമിക്കുന്നത്. 2023ൽ ബാങ്കിന്റെ ലാഭം 27 കോടിയാണ്. നിലവിൽ ബാങ്കിൽ 133 കോടിരൂപയുടെ നിക്ഷേപമാണുള്ളത്. എന്നാൽ 150 കോടി രൂപയോളം ബാലൻസുമുണ്ട്. 95 കോടി ഔട്ട്സ്റ്റാൻഡിങ് ലോണുണ്ട്. ആർ.ബി.ഐ നിഷ്കർഷിച്ച അറ്റ നിഷ്‌ക്രിയ ആസ്തി ആറ് ശതമാനത്തിലേക്ക് എത്തിക്കാൻ ബാങ്കിന് സാധിച്ചു. ആർ.ബി.ഐ നിഷ്കർഷിച്ച മൂലധന പര്യാപ്തത ഒമ്പത് ശതമാനമാണ്. എന്നാൽ തൊടുപുഴ അർബൻ ബാങ്കിൽ 20 ശതമാനമാണിത്. ആർ.ബി.ഐ നിഷ്കർഷിച്ച കുറഞ്ഞ നെറ്റ്‌വർത്ത് (സഞ്ചിത മൂല്യം) ഒരു ലക്ഷമാണ്, എന്നാൽ ബാങ്കിൽ ഇത് 18 കോടിയാണ്. ഇങ്ങനെ ഏത് രീതിയിൽ നോക്കിയാലും ബാങ്ക് സുരക്ഷിത നിലയിലാണെന്ന് വ്യക്തമാണ്. ഡി.ഐ.സി.ജി.സി ക്ലെയിമായി അഞ്ചു ലക്ഷം രൂപവരെയുള്ള നിക്ഷേപകർക്ക് 100 കോടിരൂപയോളം നൽകിയിട്ടുണ്ട്. അതിന്റെ ആദ്യ ഗഡു കഴിഞ്ഞ നവംബറിൽ തിരികെ നൽകി. എല്ലാ നിക്ഷേപവും പുതുക്കി പലിശ കൊടുക്കുന്നുണ്ട്. എസ്.ബി അക്കൗണ്ടുകൾക്കും കൃത്യമായി പലിശ നൽകുന്നു. ഈ സാമ്പത്തികനില അടിസ്ഥാനമാക്കി ബാങ്കിന്റെ മേലുള്ള നിയന്ത്രണങ്ങൾ പിൻവലിക്കുകയോ ഇളവ് അനുവദിക്കുകയോ വേണമെന്ന് രേഖാമൂലവും നേരിൽകണ്ടും ആർ.ബി.ഐയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ബാങ്കിന് അമ്പതോളം ജീവനക്കാരും 10 ശാഖകളുമുണ്ട്. എട്ട് ശാഖകൾ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. വസ്തു ഈട് വായ്പ, സ്വർണ പണയം അടക്കമുള്ള എല്ലാ വായ്പകളും നിറുത്തിവയ്ക്കുകയും വരുമാനം പൂർണമായും നിലയ്ക്കുകയും ചെയ്തിട്ടും മേൽപറഞ്ഞ പുരോഗതി ബാങ്ക് കൈവരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നിക്ഷേപകരുടെ ഒരു രൂപ പോലും നഷ്ടപ്പെടില്ലെന്നും റിസർവ് ബാങ്ക് നിയന്ത്രണങ്ങൾ മാറുമ്പോൾ തിരികെ നൽകുമെന്ന് ഉറപ്പുതരുന്നതായും ഭരണസമിതിയംഗങ്ങൾ പറഞ്ഞു.