അടിമാലി: എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോയ്‌സ് ജോർജ്ജിന്റെ ദേവികുളം മണ്ഡല തിരഞ്ഞെടുപ്പ് പര്യടനം ഇന്നലെ രാവിലെ 7.30 ന് ആനച്ചാലിൽ നിന്നും ആരംഭിച്ചു. ആനച്ചാലിലെ വ്യാപാരികൾ, ഓട്ടോ തൊഴിലാളികൾ, ലോട്ടറി തൊഴിലാളികൾ എന്നിവരോട് സംസാരിച്ച് സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ചു. ആനച്ചാൽ ലിറ്റിൽ ഫ്ളവർ മേഴ്‌സി ഹോമിലെ അന്തേവാസികളെയും സന്ദർശിച്ചു. പര്യടനത്തിനിടയിൽ ആനച്ചാലിൽ സ്ഥാനാർഥിയുടെ പഴയകാല അയൽവാസിയായ ലോട്ടറി തൊഴിലാളി സാവിത്രിയമ്മയെ കണ്ടുമുട്ടി. പഴയകാല ഓർമ്മകളും കുടുംബ വിശേഷങ്ങളും പങ്കുവച്ച സാവിത്രിയമ്മ സ്ഥാനാർഥിയുടെ തോളിൽതട്ടി വിജയാശംസകൾ നേർന്നാണ് പറഞ്ഞയച്ചത്. കല്ലാർകുട്ടിയിൽ സ്ഥാനാർത്ഥിയെ സ്വീകരിക്കാനെത്തിയ ആദ്യകാല കുടിയേറ്റ കർഷക അംബുജാക്ഷിയമ്മയെ സ്ഥാനാർഥി ജോയ്‌സ് പൊന്നാടയണിയിച്ചു. മാങ്കുളത്ത് ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരപന്തൽ സന്ദർശിച്ച് സ്ഥാനാർത്ഥി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. തുടർന്ന് അടിമാലി, മാങ്കുളം, പള്ളിവാസൽ എന്നിവിടങ്ങളിലും വോട്ടർമാരെ കണ്ടു. ഇന്ന് രാവിലെ വട്ടവട, തുടർന്ന് മൂന്നാർ, വൈകിട്ട് വണ്ടിപ്പെരിയാർ, നെടുങ്കണ്ടം എന്നിവിടങ്ങളിൽ മണ്ഡലം കൺവെൻഷനുകളിൽ പങ്കെടുക്കും.
മൂന്നാറിന് ആവേശം പകർന്ന് റോഡ്‌ഷോ
അടിമാലി: ദേവികുളം മണ്ഡലം തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി എൽ.ഡി.എഫ് സംഘടിപ്പിച്ച റോഡ് ഷോ മൂന്നാറിനെ ആവേശത്തിലാഴ്ത്തി. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മൂന്നാർ നല്ലതണ്ണി ജംഗ്ഷനിൽ നിന്നാരംഭിച്ച റോഡ്‌ഷോ നഗരംചുറ്റി പഴയ മൂന്നാറിൽ സമാപിച്ചു. തോട്ടം തൊഴിലാളികൾ, ചുമട്ട് തൊഴിലാളികൾ, ഓട്ടോടാക്‌സി തൊഴിലാളികൾ തുടങ്ങി നിരവധി പേർ റോഡ് ഷോയിൽ അണിനിരന്നു. തുടർന്ന് വൈകിട്ട് അഞ്ചിന് വെങ്ങല്ലൂരിൽ നടന്ന തൊടുപുഴ അസംബ്ലി നിയോജക മണ്ഡലം കൺവൻഷനിൽ പങ്കെടുത്തു.