satheesan
ചെറുതോണിയിൽ യു.ഡി.എഫ് ഇടുക്കി പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു

ചെറുതോണി: കേന്ദ്രത്തിലും കേരളത്തിലും ഭരണം നടത്തുന്നത് അണ്ണനും തമ്പിയുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. യു.ഡി.എഫ് ഇടുക്കി പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ സാധനങ്ങൾക്കും വില കുറയ്ക്കുമെന്ന് പറഞ്ഞ് ഭരണത്തിലേറിയ മോദി 10 വർഷം കൊണ്ട് ഗ്യാസ്, പെട്രോൾ, ഡീസൽ എന്നിവയ്ക്ക് 300 ശതമാനം വില വർദ്ധിപ്പിച്ചു. പിണറായിക്ക് തുടർഭരണം നൽകിയതോടെ കേരളത്തിലെ ജനങ്ങൾക്ക് കഷ്ടകാലം ആരംഭിച്ചു. കേരളത്തിലെ ഒരു കോടിയാളുകൾക്ക് പെൻഷൻ നൽകാനുണ്ട്. പെൻഷൻ കിട്ടാത്തതിനാൽ ജനങ്ങൾക്ക് മരുന്ന് വാങ്ങാൻ പോലും പണമില്ല. കാരുണ്യ പദ്ധതി താളം തെറ്റി സർക്കാർ ആശുപത്രികളിൽ മരുന്നില്ല. നിത്യോപയോഗ സാധനങ്ങൾക്ക് ഇരട്ടി വിലയായി. കടകളിൽ സാധനങ്ങൾ കിട്ടാനില്ല. വന്യ മൃഗങ്ങൾ മനുഷ്യരെ കൊന്നൊടുക്കിയിട്ടും സർക്കാർ നോക്കി നിൽക്കുകയാണ്. വന്യമൃഗ ആക്രമണത്തിൽ 7000 പേർക്ക് ധന സഹായം കിട്ടാനുണ്ട്. വന്യമൃഗങ്ങളെ നേരിടാൻ തമിഴ്‌നാട്, കർണാടക സർക്കാരുകളെ മാതൃകയൊക്കണമെന്നും വി.ഡി. സതീശൻ പറഞ്ഞു. 20 ൽ 20 സീറ്റുകൾ യു.ഡി.എഫ് നേടുമെന്ന് വി.ഡി. സതീശൻ പറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി അദ്ധ്യക്ഷത വഹിച്ചു. പി.ജെ. ജോസഫ് എം.എൽ.എ, യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്, അബ്ദു റഹ്മാൻ രണ്ടത്താണി, മാത്യു കുഴൽനാടൻ, ഇ.എം. ആഗസ്തി, എ.കെ. മണി, സി.പി. മാത്യു,​ ഇബ്രാഹിംകുട്ടി കല്ലാർ, എസ്. അശോകൻ തുടങ്ങിയവർ പ്രസംഗിച്ചു.