തൊടുപുഴ: ആവേശമുയർത്തി തൊടുപുഴയിൽ എൽ.ഡി.എഫ് നിയോജകമണ്ഡലം കൺവെൻഷൻ. ഷെറോൺ ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷനിൽ വനിതകടക്കമുള്ള ആയിരക്കണക്കിന് പേരാണ് ഒഴുകിയെത്തിയത്. തൊടുപുഴ നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള വോട്ടർമാർ വാഹനങ്ങളിലും ചെറു പ്രകടമായും കൺവെൻഷൻ നടന്ന ഹാളിലേക്ക് പകൽ നാലോടെതന്നെ എത്തിച്ചേർന്നു. കൺവൻഷൻ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടയിലെത്തിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോയ്‌സ് ജോർജിനെ ആവേശകരമായ മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ വേദിയിലേക്ക് ആനയിച്ചത്. തുടർന്ന് താൻ ജില്ലയെ പ്രതിനിധീകരിച്ച് പാർലമെന്റിലെത്തി നാടിനായി ചെയ്ത കാര്യങ്ങൾ ജോയ്സ് ചുരുക്കി വിവരിച്ചു. രാജ്യത്തിന്റെ മതേരതര ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ എൽ.ഡി.എഫ് വിജയം അനിവാര്യമാക്കേണ്ടതിന്റെ സാഹചര്യവും വിവരിച്ചു. എൽ.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ വി.വി. മത്തായി അദ്ധ്യക്ഷനായി. എൽ.ഡി.എഫ് നേതാക്കളായ എസ്. സതീശ്, കെ.പി. മേരി, കെ. സലിംകുമാർ, പ്രൊഫ. കെ.ഐ. ആന്റണി, അനിൽ കൂവപ്ലാക്കൽ, ജോർജ് അഗസ്റ്റിൻ, കെ.എം. റോയി, പോൾൺ മാത്യു, എം.എ. ജോസഫ്, കെ.എം. ജബ്ബാർ, കെ.കെ. ഭാസ്‌കരൻ, സി. ജയകൃഷ്ണൻ, എം.എൻ. സലിം എന്നിവർ സംസാരിച്ചു.