മൂന്നാർ: കാട്ടാനയുടെ മുന്നിൽ വീഡിയോ ചിത്രീകരിച്ച രണ്ടുപേർക്കെതിരെ കേസെടുത്ത് വനംവകുപ്പ്. മൂന്നാർ സ്വദേശികളായ സെന്തിൽ, രവി എന്നിവർക്കെതിരെയാണ് മൂന്നാർ റേഞ്ച് അധികൃതർ കേസെടുത്തത്, ഇരുവരും ഒളിവിലാണ്. മൂന്നാറിന് സമീപത്തെ ലക്ഷ്മി എസ്റ്റേറ്റിൽ കബാലി എന്ന കാട്ടുക്കൊമ്പന്റെ മുന്നിൽ നിന്ന് ഇവർ വീഡിയോ എടുക്കുകയായിരുന്നു. സെന്തിലാണ് ആനയുടെ മുന്നിൽ അപകടകരമായ രീതിയിൽ നിന്നത്. രവിയാണ് വീഡിയോ പകർത്തിയത്. പിന്നാലെ ഇത് ശ്രദ്ധയിൽപ്പെട്ട അധികൃതർ കേസെടുക്കുകയായിരുന്നു. പിന്നാലെ ഇരുവരെയും തിരഞ്ഞ് വിവിധയിടങ്ങളിൽ എത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. മാങ്കുളം ഡിവിഷനിൽ നിന്ന് എത്തിയ ആനയാണ് കബാലി. ഇനിയും ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി എടുക്കുമെന്ന് മൂന്നാർ റേഞ്ച് ഓഫീസർ അറിയിച്ചു.