
ഉടുമ്പന്നൂർ:  സമ്പൂർണ്ണമാലിന്യ മുക്തമാക്കാൻ വിവിധ പദ്ധതികളുമായി  ഗ്രാമപഞ്ചായത്ത്.
നിരോധിത പ്ലാസ്റ്റിക് കാരിബാഗുകളുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിനായി പഞ്ചായത്തിലെ മുഴുവൻ വീടുകളിലും 10 കിലോ , 5 കിലോവീതം സംഭരണ ശേഷിയുള്ള 2 തുണി സഞ്ചികൾ വീതം സൗജന്യമായി നൽകും.
വീടുകളിൽ ഉണ്ടാകുന്ന ജൈവമാലിന്യങ്ങളെ കമ്പോസ്റ്റ് ആക്കി മാറ്റുന്ന യൂണിറ്റ് ഒന്നിന് 1680 രൂപ വിലയുള്ള ബയോബിന്നുകൾ 90 ശതമാനം സബ്സിഡിയോടുകൂടി വീടുകൾക്ക് ലഭ്യമാക്കും.
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഗവേഷണ സ്ഥാപനമായ മുണ്ടൂർ ഐ. ആർ. ടി. സി  ആണ് ബയോബിന്നുകൾ നിർമ്മിച്ച് നൽകുന്നത്.ആദ്യഘട്ടത്തിൽ 800 വീടുകൾക്കാണ് ബയോ ബിൻ നൽകുക .
ജൈവമാലിന്യങ്ങളെ പാചകവാതകമാക്കി മാറ്റുന്ന യൂണിറ്റ് ഒന്നിന്ന് 9000 രൂപ വിലയുള്ള നവജ്യോതി മോഡൽ ബയോഗ്യാസ് പ്ലാന്റ് 90 ശതമാനം സബ്സിഡി നിരക്കിൽ 610 വീടുകളിലും സൗജന്യമായി പഞ്ചായത്തിലെ 10 പൊതുവിദ്യാലയങ്ങളിലും ഇതിനോടും സ്ഥാപിച്ചു കഴിഞ്ഞു.
അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്ന ഹരിത കർമ്മസേനയുടെ സേവനകവറേജ് 85 ശതമാനത്തിന് മുകളിൽ എത്തിക്കാനുമായി.മാലിന്യത്തിനെതിരെ ബദൽ സംവിധാനങ്ങൾ ഒരുക്കാൻ ഈ വർഷം ഏറ്റെടുത്തിട്ടുള്ള പദ്ധതികൾ പൂർത്തിയാകുമ്പോൾ ഉടുമ്പന്നൂർ സമ്പൂർണ്ണമായും മാലിന്യവിമുക്ത പഞ്ചായത്തായി മാറുമെന്ന് പ്രസിഡന്റ് എം. ലതീഷ് അറിയിച്ചു.
വീടുകൾക്ക് നൽകുന്ന ബയോബിന്നുകളുടേയും തുണിസഞ്ചികളുടേയും വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് എം. ലതീഷ് നിർവ്വഹിച്ചു.
വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ അദ്ധ്യക്ഷയായി.
സ്ഥിരം സമിതി അദ്ധ്യക്ഷരായ ബീന രവീന്ദ്രൻ, ശാന്തമ്മ ജോയി, വാർഡ് മെമ്പർമാരായ കെ.ആർ ഗോപി, ജിൻസി സാജൻ , അൽഫോൻസ കെ. മാത്യു, ഐ. ആർ. ടി. സി പ്രതിനിധി വി.വി ഷാജി , നവകേരള മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ  സജീവൻ തുടങ്ങിയവർ പ്രസംഗിച്ചു.വാർഡ് മെമ്പർ ആതിര രാമചന്ദ്രൻ സ്വാഗതവും സെക്രട്ടറി കെ.പി യശോധരൻ നന്ദിയും പറഞ്ഞു.