ഇടുക്കി : ജനകീയ വിഷയങ്ങളിൽ ഇടപ്പെട്ടും വോട്ടർമാരെ നേരിൽ കണ്ടും യു.ഡി.എഫ് ഡീൻ കുര്യാക്കോസ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.തൊടുപുഴ മാർത്തോമാ പള്ളിയിൽ ജന്മ ശതാബ്ദി ആഘോഷ പരിപാടിയിൽ പങ്കെടുത്തായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഇന്നത്തെ പ്രചരണം ആരംഭിച്ചത്.
തുടർന്ന് വിവിധ ഇടങ്ങളിൽ വോട്ടർമാരെ നേരിട്ട് കണ്ട് വോട്ട് അഭ്യർത്ഥിച്ചു.ഇതിനിടയിൽ പഴയരികണ്ടത്തെ മരണ വീട് സന്ദർശിച്ചു.തുടർന്ന് കത്തിപ്പാറ, തോപ്രാംകുടി, പേരുംതോട്ടി, കട്ടപ്പന എന്നിവിടങ്ങളിൽ വോട്ടർമാരെ നേരിൽ കണ്ടു.പെരുംതൊട്ടിയിൽ പട്ടയ പ്രശ്‌നത്തിൽ സമരം ചെയ്യുന്ന നാട്ടുകാർക്ക് പിന്തുണ പ്രഖ്യാപിച്ചും ഡീൻ കുര്യാക്കോസ് എത്തി.മുവാറ്റുപുഴ വാഴക്കുളത്തെ റോഡ് ഷോയുമായി ബന്ധപ്പെട്ട് വിവിധ യു.ഡി.എഫ് നേതാക്കളുമായി ചർച്ച നടത്തി.
യുവ കർഷകന്റെ സ്ഥലം പിടിച്ചെടുത്ത
സർക്കാർ നടപടി ഇരട്ട പ്രഹരം
വാത്തിക്കുടി പഞ്ചായത്തിലെ പെരുംതോട്ടിയിൽ യുവ കർഷകനായ ബിജുമോന്റെ ഭൂമി പിടിച്ചെടുത്ത സർക്കാർ നടപടി ഇരട്ട പ്രഹരമെന്ന് ഡീൻ കുര്യാക്കോസ്. ഭൂമി പിടിച്ചെടുക്കുന്നതിനുള്ള ഹൈക്കോടതി വിധി വന്നപ്പോൾ അതിനെ കർഷകനൊപ്പം നിന്ന് പ്രതിരോധിക്കാൻ സർക്കാരിന് സാധിച്ചില്ല.
വാത്തിക്കുടി പഞ്ചായത്തിൽ സർക്കാർ കുടി ഒഴിപ്പിച്ചു ബോർഡ് സ്ഥാപിച്ച സ്ഥലവും വീടും സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിധി ഉണ്ടായപ്പോൾ അതിനെ ഫലപ്രദമായി പ്രതിരോധിക്കുന്ന കാര്യത്തിൽ സർക്കാർ പരാജയപ്പെട്ടു. സർക്കാരിന്റെ ഭാഗത്തു നിന്ന് പട്ടയ വ്യവഹാരത്തിൽ കർഷകർക്ക് അനുകൂലമായ തീരുമാനം ഉണ്ടാകാത്തത് ദൗർഭാഗ്യകാരമാണ്.
മുൻപുണ്ടായ ഹൈക്കോടതി വിധി പ്രകാരം ഇടുക്കി ജില്ലയിൽ പട്ടയം നൽകാൻ സാധിക്കുന്നില്ല. ഇതിനെതിരെ ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലം നൽകാൻ പോലും സർക്കാർ തയ്യാറായിട്ടില്ലെന്നത് പ്രതിഷേധാർഹമാണ്.മറ്റന്നാൾ റിവ്യൂ പെറ്റിഷൻ ഹൈക്കോടതി പരിഗണിക്കുകയാണ്. ഇതിനിടെ കൃഷിക്കാരനെ കുടിയൊഴിപ്പിച്ചു ബോർഡ് സ്ഥാപിച്ച റവന്യു വകുപ്പിന്റെ നടപടി ജനങ്ങളോടൊപ്പം നിന്ന് കൊണ്ട് പ്രതിരോധിക്കുമെന്ന് ഡീൻ പറഞ്ഞു.