ഇടുക്കി: സി.പി.എമ്മുമായുള്ള പ്രശ്​നങ്ങൾ അവസാനിപ്പിച്ച് ദേവികുളം മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ. മൂന്നാറിൽ നടന്ന എൽ.ഡി.എഫ് ദേവികുളം നിയോജക മണ്ഡലം കൺവൻഷനിൽ രാജേന്ദ്രൻ പങ്കെടുത്തു. പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ അനുനയ നീക്കത്തെ തുടർന്നാണ് രാജേന്ദ്രൻ പാർട്ടിയിലേക്ക്​ എത്തിയത്​.അച്ചടക്ക നടപടിയെ തുടർന്ന് ഏറെക്കാലമായി പാർട്ടി പരിപാടികളിൽ നിന്ന്​ അകന്ന് നിൽക്കുകയായിരുന്നു എസ്. രാജേന്ദ്രൻ. സസ്‌പെൻഷൻ കാലാവധി കഴിഞ്ഞതോടെ പാർട്ടി നേതൃത്വം അനുനയ നീക്കങ്ങളാരംഭിച്ചെങ്കിലും രാജേന്ദ്രൻ വഴങ്ങിയിരുന്നില്ല. രാജേന്ദ്രൻ ബി.ജെ.പി.യിലേക്കെന്ന അഭ്യൂഹങ്ങളുമുയർന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി രാജേന്ദ്രനെ
പാർട്ടിയിലെത്തിക്കാനുള്ള മുതിർന്ന നേതാക്കളുടെ ശ്രമത്തിന് പിന്നാലെയാണ് നിസഹകരണം അവസാനിപ്പിക്കാൻ രാജേന്ദ്രൻ തീരുമാനിച്ചത്. മൂന്നാറിൽ നടന്ന എൽ.ഡി.എഫ് നിയോജക മണ്ഡലം കൺവെൻഷനിൽ എം.എം.മണി എം.എൽ.എ.അടക്കമുള്ള മുതിർന്ന നേതാക്കൾ രാജേന്ദ്രനെ സ്വീകരിച്ചു. നേ​രത്തേ പാർട്ടി മെമ്പർഷിപ്പ് പുതുക്കില്ലെന്നറിയിച്ചിരുന്നെങ്കിലും ഇപ്പോൾ
പുതുക്കാൻ തീരുമനിച്ചതായും എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണ രംഗത്ത് സജീവമാകുമെന്നും എസ് രാജേന്ദ്രൻ വ്യക്​തമാക്കി.