ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടർന്ന് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ പൊതുസ്ഥലത്ത് പ്രദർശിപ്പിച്ച ബാനറുകൾ, പോസ്റ്ററുകൾ, ബോർഡുകൾ എന്നിവ 24 മണിക്കൂറിനകം അതത് രാഷ്ട്രീയപാർട്ടികൾ, സംഘടനകൾ സ്വമേധയാ നീക്കം ചെയ്യണമെന്ന് ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഷീബ ജോർജ് അറിയിച്ചു. നിശ്ചിത സമയപരിധിക്കകം നീക്കം ചെയ്തിട്ടില്ലെങ്കിൽ മാതൃകാപെരുമാറ്റചട്ടം നടപ്പാക്കുന്നതിനുളള ആന്റീ ഡീഫേസ്‌മെന്റ് സ്‌ക്വാഡ് മുന്നറിയിപ്പ് കൂടാതെ അത്തരം പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യും. ഇതിനാവശ്യമായി വരുന്ന ചെലവുകളുടെ കണക്ക് അതത് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കിൽ ഉൾപ്പെടുത്തുമെന്നും ജില്ലാ ഇലക്ഷൻ ഓഫീസർ അറിയിച്ചു.
അച്ചടിശാലകൾ
സത്യവാങ്മൂലം വാങ്ങണം
ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ, നോട്ടീസുകൾ, മറ്റു പ്രചാരണ സാമഗ്രികൾ എന്നിവ അച്ചടിക്കുന്ന അച്ചടിശാലകൾ ആ പ്രവൃത്തി ഏൽപ്പിക്കുന്ന വ്യക്തിയിൽ നിന്ന് നിശ്ചിത മാതൃകയിലുള്ള സത്യവാങ്മൂലം (രണ്ട് പ്രതി) വാങ്ങി സൂക്ഷിക്കേണ്ടതാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുവേണ്ടി എക്‌സ്‌പെൻഡിച്ചർ നോഡൽ ഓഫീസർ അറിയിച്ചു. അച്ചടി പൂർത്തിയായി മൂന്ന് ദിവസത്തിനകം സത്യവാങ്മൂലത്തിന്റെ ഒരു പ്രതിയും അച്ചടിച്ച സാമഗ്രികളുടെ നാല് പ്രതിയും അച്ചടിക്ക് ചെലവായ തുക, അച്ചടിച്ച തീയതി, അച്ചടിച്ച പകർപ്പുകളുടെ എണ്ണം എന്നിവ രേഖപ്പെടുത്തിയ നിശ്ചിത ഫോമും ഒപ്പിട്ട് ജില്ലാ ഇലക്ഷൻ ഓഫീസറായ ജില്ലാ കളക്ടർക്ക് നൽകേണ്ടതാണ്.