
കുമളി:എസ്.എൻ.ഡി.പി യോഗം മയിലാടുംപാറ 1697ാം നമ്പർ ശാഖാ യോഗത്തിന്റെ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മീനപ്പൂയ മഹോത്സവത്തിന് കൊടിയേറി. മൂന്ന് ദിവസങ്ങളിലായാണ് വിവിധ പൂജാദി കർമ്മങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും കലാപരിപാടികളുടെയും അകമ്പടിയോടെ നടക്കുന്നത്. ഉത്സവത്തിന് തുടക്കം കുറിച്ച് രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം നടന്ന തൃക്കൊടിയേറ്റിന് ക്ഷേത്രം തന്ത്രി സത്യരാജൻ തന്ത്രികൾ മുഖ്യ കാർമികത്വം വഹിച്ചു.
തുടർന്ന് കലവറ നിറയ്ക്കൽ, വിശേഷാൽ പൂജകൾ എന്നിവയ്ക്ക് ശേഷം അന്നദാനം നടന്നു. രണ്ടാം ഉത്സവ ദിവസമായ ഇന്ന് രാവിലെ എട്ടുമണിക്ക് സമൂഹ പൊങ്കാല സമർപ്പണം, 9 30ന് പൊങ്കാല നിവേദ്യം, പത്തുമണിക്ക് കൂട്ട മൃത്യുഞ്ജയ ഹോമം എന്നിവ നടക്കും. വൈകിട്ട് 5 30ന് കാവടി ഘോഷയാത്രയും വൈകിട്ട് 7 മുതൽ വിവിധ കുടുംബയോഗങ്ങൾ പോഷക സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ കലാസന്ധ്യയും 10 മണിക്ക് പള്ളിവേട്ടയും നടക്കും.നാളെ ഉച്ചയ്ക്ക് ഒരുമണിക്ക് മഹാപ്രസാദമൂട്ട്, രണ്ടുമണിക്ക് ആറാട്ടുബലി, വൈകിട്ട് അഞ്ചുമണിക്ക് അണക്കര ആറാട്ട് കടവിൽ ആറാട്ട്, രാത്രി 7 ന് ചെല്ലാർകോവിൽ ഗുരു മന്ദിരത്തിൽ നിന്നും ആരംഭിക്കുന്ന മഹാ ഘോഷയാത്ര ക്ഷേത്ര സന്നിധിയിൽ എത്തി സമാപിക്കും. തുടർന്ന് ആറാട്ട് എതിരേൽപ്പ്, കൊടിയിറക്ക് എന്നിവയ്ക്ക് ശേഷം ഇൻഡോട്ട് റിഥം അവതരിപ്പിക്കുന്ന ഗാനമേള അരങ്ങേറും.