
പീരുമേട് : വിവിധ ആവശ്യങ്ങൾക്ക് പീരുമേട് സിവിൽ സ്റ്റേഷനിൽ എത്തുന്നവർക്ക് പ്രാഥമിക സൗകര്യങ്ങൾ നിർവ്വഹിക്കാൻ സൗകര്യമില്ല. ഇവിടെയെത്തുന്നവർ അടുത്തുള്ള വീടുകളിലും കടകളിലുമാണ് ഇടംതേടുന്നത്. പ്രാഥമിക സൗകര്യമില്ലാത്തതിനാൽ കൂടുതലായും സ്ത്രീകളാണ് പ്രതിസന്ധിയിലാകുന്നത്. എല്ലാ ദിവസവും വിവിധ ആവശ്യങ്ങൾക്കായി നിരവധിപേരാണ് സിവിൽ സ്റ്റേഷനിൽ എത്തുന്നത്. പല ആവശ്യങ്ങൾക്കായി എത്തുന്ന ഇവർക്ക് ഇവിടെ ദീർഘനേരം തങ്ങേണ്ടി വരും. പ്രാഥമിക ആവശ്യങ്ങൾക്ക് ശൗചാലയ സൗകര്യം ഇല്ലാത്തതാണ് ഇവരെ പ്രതിസന്ധിയിലാക്കുന്നത്.
താലൂക്ക് ഓഫീസ്,കോടതികൾ, ഭൂമി പതിവ് ഓഫീസ്, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, സബ് രജിസ്ട്രാർ ഓഫീസ്, സാമൂഹ്യക്ഷേമ വകുപ്പ് ഓഫീസ്,മോട്ടോർ വാഹനം, എസ്.സി.,എസ്.ടി ഓഫീസുകൾ തുടങ്ങി പതിമൂന്നു സർക്കാർ ഓഫീസുകളാണ് ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. കെട്ടിടത്തിനുള്ളിൽ എല്ലാ നിലയിലും ശൗചാലയ സൗകര്യമുണ്ടെങ്കിലും പൊതുജനത്തിന് ഉപയോഗിക്കാൻ അനുവാദമില്ല. അതാത് ഓഫീസുകളിൽ ഉള്ളവർ ഉപയോഗശേഷം ശൗചാലയം താഴിട്ടു പൂട്ടും. മിനി സിവിൽ സ്റ്റേഷന് പുറത്ത് പൊതു ശൗചാലയം പണിതിട്ടുണ്ടെങ്കിലും ഉപയോഗിക്കാൻ കഴിയാത്ത വിധം വൃത്തിഹീനമായി ദുർഗ്ഗന്ധം വമിച്ചും കാടുകയറിയും കിടക്കുകയാണ്. ദുർഗ്ഗന്ധം സഹിച്ചു കാൽകുത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. വെള്ളം ഇല്ല എന്നാക്ഷേപം നിലന്നിൽക്കുന്നു. ശൗചാലയം വൃത്തിയാക്കാനും വെള്ള സൗകര്യം ഒരുക്കാനും അധികൃതർ തയ്യാറാകാത്തത് പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നുണ്ട്.