
രാജാക്കാട്:ഏലക്കായ് ഉണക്കുന്ന ഡ്രയറിൽ സൂക്ഷിച്ചിരുന്ന വിറകിന് സാമൂഹൃവിരുദ്ധർ തീയിട്ടു.രാജാക്കാടിന് സമീപം കൊച്ചുമുല്ലക്കാനത്താണ് സംഭവം. പ്രദേശത്തെ ഏതാനും കർഷകരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് സ്വയം സഹായ സംഘത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫ്രണ്ട്‌സ് കാർഡമം ഡ്രയർ എന്ന സ്ഥാപനം. പ്രധാന റോഡിന് സമീപം പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ പ്രദേശത്തെ നിരവധി കർഷകരുടെ ഏലക്കായ ഉണക്കുന്നതിന് സൂക്ഷിക്കാറുണ്ട്. ഉണക്കുന്നതിനാവശ്യമായ വിറക് ഡ്രയറിനോട് ചേർന്നുള്ള ഷെഡ്ഡിലാണ് സൂക്ഷിച്ചിട്ടുള്ളത്.കഴിഞ്ഞ ഞായറാഴ്ച രാത്രിയിൽ സാമൂഹ്യവിരുദ്ധർ ഈ വിറകിന് തീ കൊടുക്കുകയാണുണ്ടായത്. ആളിപ്പടർന്ന തീകണ്ടെത്തിയ സമീപവാസി മറ്റുള്ളവരെ വിളിച്ച് മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് തീ കെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി.അടുത്തള്ള മറ്റ് കെട്ടിടങ്ങളും അഗ്‌നിക്കിരയായി വൻ നാശനഷ്ടങ്ങൾ സംഭവിക്കുമായിരുന്നു
നാശനഷ്ടം വരുത്തൽ പതിവ്
പ്രദേശത്ത് കുറച്ചു നാളുകളായി രാത്രികാലങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടമാണെന്നാണ് നാട്ടുകാർ പറയുന്നത്.ഏതാനും ദിവസം മുൻപ് ഈ പ്രദേശത്ത് ഒരു വീടിന്റെ മുന്നിൽ പാർക്കു ചെയ്തിരുന്ന ഒരു കാറിന്റെ ചില്ല് രാത്രിയിൽ ആരോ ഇടിച്ച് തകർത്തിരുന്നും ഇതുസംബന്ധിച്ച് പൊലീസ് അന്വഷണം നടന്നുവരുന്നതിനിടയിലാണ് ഈ സംഭവം എന്നതും ശ്രദ്ധേയമാണ്.രാജാക്കാട് എല്ലക്കൽ റോഡിന്റെ നിർമ്മാണ പ്രവർത്തനം നടക്കുന്നതിനാൽ ഈ ഭാഗത്ത് പൊലീസിന്റെ രാത്രികാല പട്രോളിംഗ് കാര്യക്ഷമമല്ലാത്തതും സാമൂഹ്യവിരുദ്ധർ മുതലെടുക്കുകയാണ്. തീയിട്ട സംഭവത്തെപ്പറ്റി അന്വേഷണം ആവശ്യപ്പെട്ട് ഫ്രണ്ട്‌സ് കാർഡമം ഡ്രയറിന്റെ ചുമതലക്കാർ രാജാക്കാട് പൊലീസിൽ പരാതിപ്പെട്ടിരിക്കുകയാണ്.