രാജാക്കാട്: കൈവശഭൂമി സംബന്ധമായ ഡിജിറ്റൽ സർവ്വെ പൂർത്തിയായിട്ട് മാസങ്ങൾ കഴിഞ്ഞു. രാജാക്കാട് വില്ലേജിലെ സർവ്വെ സംബന്ധമായ രേഖകൾ പരിശോധിക്കുന്നതിന് കർഷകർക്ക് കൊടുത്ത സമയം മാർച്ച് 18 കൊണ്ട് അവസാനിച്ചിരിക്കുകയാണ്. ഈ സമയത്തിനകം ഓരോരുത്തരുടെയും ഭൂമി സംബന്ധമായ പരാതികൾ ഇതിനോടകം രേഖപ്പെടുത്തണമെന്നും അല്ലെങ്കിൽ നിലവിലുള്ള സ്ഥിതി രേഖപ്പെടുത്തുമെന്നുമാണ് സർവ്വെ വകുപ്പ് അറിയിച്ചിട്ടുള്ളത്. എന്നാൽ ഈ കാലാവധിക്കുള്ളിൽ ആയിരക്കണക്കിന് കർഷകരുടെ ഭൂരേഖ പരിശോധിച്ച് നിജസ്ഥിതി ബോധ്യപ്പെടാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. രാജാക്കാട് വില്ലേജിലെ കർഷകർ സർവ്വെ സൂപ്രണ്ട് ആഫീസിൽ കയറിയിറങ്ങി പ്രശ്‌നം പരിഹരിക്കാൻ കഴിയാത്തതിനാൽ പ്രതിഷേധത്തിലാണ്. ഇത് സംബന്ധമായ രേഖകൾ പരിശോധിക്കുന്നതിന് സമയം നീട്ടി നൽകണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. ഇതു സംബന്ധിച്ച് രാജാക്കാട് ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബെന്നി പാലക്കാട്ട് ജില്ലാ കളക്ടർക്കും സർവ്വേ സൂപ്രണ്ടിനും അപേക്ഷ നൽകി.