ചെറുതോണി: തിരഞ്ഞെടുപ്പ് പ്രവർത്തനം രണ്ട് ഘട്ടം പൂർത്തിയാക്കി എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോയ്‌സ് ജോർജ്ജ് മൂന്നാംഘട്ട കാമ്പയിനിലേക്ക് കടന്നു. ഒന്നാംഘട്ടത്തിൽ സമുദായ നേതാക്കൾ, ആത്മീയ നേതാക്കൾ, ഗുരുസ്ഥാനീയർ, മുൻ ജനപ്രതിനിധികൾ, മുതിർന്ന പൊതുപ്രവർത്തകർ എന്നിവരെ കാണുകയായിരുന്നു. രണ്ടാംഘട്ടത്തിൽ വ്യക്തികൾ, പൊതുസ്ഥാപനങ്ങൾ, തൊഴിലിടങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, കർഷകർ, തോട്ടം തൊഴിലാളികൾ, സന്നദ്ധ സംഘടനകൾ, ട്രേഡ് യൂണിയൻ ഭാരവാഹികൾ, സായാഹ്നങ്ങളിൽ പ്രവർത്തകർ സംഘടിപ്പിച്ച റോഡ്‌ഷോകൾ എന്നിവിടങ്ങളിൽ പങ്കെടുത്തു. മൂന്നാംഘട്ടത്തിൽ പ്രാദേശികമായി സംഘടിപ്പിക്കപ്പെടുന്ന നാട്ടുകൂട്ട ചർച്ചയിലും വെളിച്ചം കൂട്ടായ്മയിലും പങ്കെടുക്കും.
ഇടുക്കി മണ്ഡലത്തിലായിരുന്നു തിങ്കളാഴ്ച പര്യടനം. മരിയാപുരം പഞ്ചായത്തിലെ കുതിരക്കല്ലിൽ നിന്നായിരുന്നു തുടക്കം. തുടർന്ന് വിമലഗിരി, കൊച്ചുകരിമ്പൻ, ചാലിസിറ്റി, ഉപ്പുതോട്, പതിനാറാംകണ്ടം, മുരിക്കാശ്ശേരി, കമ്പിളികണ്ടം, പാത്തോട്, കൊന്നത്തടി, അഞ്ചാംമൈൽ, ബഥേൽ, മേലേചിന്നാർ, തോപ്രാംകുടി, പ്രകാശ്, പുഷ്പഗിരി, തങ്കമണി, പാണ്ടിപ്പാറ, മരിയാപുരം എന്നിവിടങ്ങളിൽ പര്യടനം നടത്തി. കൊലുമ്പൻകോളനി, പെരുങ്കാല, മണിയാറൻകുടി, ഗാന്ധിനഗർ എന്നിവിടങ്ങളിൽ നടന്ന നാട്ടുകൂട്ട ചർച്ചയിലും വെളിച്ചം കൂട്ടായ്മയിലും ജോയ്‌സ് ജോർജ്ജ് പങ്കെടുത്തു. ഇന്ന് ഇടുക്കി, തൊടുപുഴ മണ്ഡലങ്ങളിൽ പര്യടനം നടത്തും.