deen
യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് പാമ്പാടുംപാറ എസ്റ്റേറ്റിലെ തൊഴിലാളികളെ സന്ദർശിക്കുന്നു

ഉടുമ്പൻചോല: പാമ്പാടുംപാറ എസ്റ്റേറ്റിലെ തൊഴിലാളികളെ സന്ദർശിച്ചു വോട്ട് അഭ്യർത്ഥിച്ചാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് ഇന്നലെ രാവിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. രാവിലെ 6.30 ന് അഞ്ഞൂറോളം വരുന്ന ഏലം, കാപ്പി തൊഴിലാളികൾ ആവേശോജ്വാലമായാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. തുടർന്ന് ഏലം ഗവേഷണ കേന്ദ്രത്തിൽ എത്തി ജീവനക്കാരെയും തൊഴിലാളികളെയും കണ്ടും ഡീൻ വോട്ട് അഭ്യർത്ഥിച്ചു.

തൊഴിലാളികൾക്ക് വേണ്ടി നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ ഓർമ്മപ്പെടുത്തിയാണ് ഡീൻ കുര്യാക്കോസ് വോട്ട് തേടിയത്. പാമ്പാടുംപാറ ബ്ലോക്ക് ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം, പി.എം.ജിഎസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി പാമ്പാടുംപാറ- ആദിയാർപുരം റോഡ് എന്നീ പദ്ധതികളാണ് പാമ്പാടുംപാറ പ്രദേശത്ത് നടപ്പിലാക്കിയത്. ഇത് കൂടാതെ ടെൻഡർ നടപടികളിലേക്ക് കടന്ന കട്ടപ്പനയിലെ ഇ.എസ്.ഐ ആശുപത്രി പദ്ധതിയും ഇവിടത്തെ തൊഴിലാളികൾക്ക് പ്രയോജനം ചെയ്യും.

ഇത് ഉൾപ്പെടെ 158 കോടി രൂപയുടെ പദ്ധതികളാണ് അനുവദിക്കപ്പെട്ടതെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു.

ഇന്നലെ ഉച്ചയ്ക്ക് മൂവാറ്റുപുഴയിൽ വെള്ളൂർക്കുന്നം ശ്രീ മഹാദേവ ക്ഷേത്രം സന്ദർശിച്ചാണ് ഡീൻ പ്രചരണം തുടങ്ങിയത്. ക്ഷേത്രത്തിലെ തിരുവാതിര വിശേഷാൽ പൂജകളിലും പ്രസാദ ഊട്ടിലും പങ്കെടുത്ത യു.ഡി.എഫ് സ്ഥാനാർത്ഥി ക്ഷേത്രം ഭാരവാഹികളെയും വിശ്വാസികളെയും നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. കിഴക്കേക്കരയിൽ മരണ വീട് സന്ദർശിച്ച ശേഷമാണ് വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി എത്തിയത്. ഉച്ചയ്ക്ക് രണ്ടിന് ശേഷം പായിപ്ര പഞ്ചായത്തിലെ വിവിധ ആരാധനാലയങ്ങളിലും സ്ഥാപനങ്ങളിലും കടകളിലും ജംഗ്ഷനുകളിലും അനാഥ മന്ദിരങ്ങളിലും ഡീൻ വോട്ട് അഭ്യർത്ഥിച്ചെത്തി. രാവിലെ കോതമംഗലത്ത് യു.ഡി.എഫ് നേതൃയോഗത്തിൽ പങ്കെടുത്ത ശേഷമാണ് ഡീൻ മുവാറ്റുപുഴയിൽ എത്തിയത്.