ചെറുതോണി: വന്യജീവി ആക്രമണം നേരിടാൻ ജില്ലയിലെ ഇടതുപക്ഷ എം.എൽ.എമാർ 50 ലക്ഷം രൂപ വീതം എം.എൽ.എ ഫണ്ടിൽ നിന്ന് നൽകുമെന്ന തീരുമാനം അഭിനന്ദനാർഹമെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ്. എം.പി ഫണ്ടിൽ നിന്ന് 4.44 കോടി രൂപ പാഴാക്കി കളഞ്ഞ ഡീൻ കുര്യാക്കോസ് എം.പി ഇത്തരം ജനപ്രതിനിധികളെ മാതൃകയാക്കേണ്ടതായിരുന്നെന്നും ജില്ലാ സെക്രട്ടറിയേറ്റ് വ്യക്തമാക്കി. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ എം.എൽ.എമാരായ എം.എം. മണി, വാഴൂർ സോമൻ, എ. രാജ എന്നിവരാണ് 50 ലക്ഷം രൂപ വീതം വന്യജീവി ആക്രമണം തടയുന്നതിനായി നൽകാമെന്ന് സർക്കാരിനെ അറിയിച്ചത്. വനം മന്ത്രി എ.കെ. ശശീന്ദ്രന്റെയും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കളക്ട്രേറ്റിൽ ചേർന്ന യോഗത്തിലാണ് എൽ.ഡി.എഫ് എം.എൽ.എമാർ നിലപാട് പ്രഖ്യാപിച്ചത്. ഡീൻ കുര്യാക്കോസ് എം.പിയായിരിക്കെ ജില്ലയിൽ 15 പേരാണ് വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടത്. 14 മൃതദേഹങ്ങളും കാണാൻ പോലും കൂട്ടാക്കാതിരുന്ന എം.പി കോതമംഗലത്ത് മോർച്ചറിയിൽ നിന്ന് മൃതദേഹം മോഷ്ടിച്ച് തെരുവിലേക്ക് ഓടിയ ലജ്ജാകരമായ സംഭവം നാടുമറന്നിട്ടില്ല. അതുകൊണ്ടാണ് 4.44 കോടി പാഴാക്കി കളഞ്ഞപ്പോഴും വന്യജീവി ആക്രമണം തടയാൻ ഒരു രൂപ പോലും നൽകാതിരുന്നത്. ജോയ്‌സ് ജോർജ്ജ് എം.പിയായിരിക്കെ വന്യജീവി നിയമം ഭേദഗതി ചെയ്യണമെന്ന് പലവട്ടം പാർലമെന്റിൽ ആവശ്യപ്പെട്ടു. ഇപ്പോൾ തിരഞ്ഞെടുക്കപ്പെട്ടാൽ എം.പി ഫണ്ടിന്റെ 30 ശതമാനം വന്യജീവി ആക്രമണം തടയുന്നതിനുള്ള പദ്ധതികൾക്കായി മാറ്റി വയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളതും വിവിധ ഫണ്ടുകളുടെ ഏകോപനത്തിന് നേതൃത്വം നൽകുമെന്ന് വ്യക്തമാക്കിയിട്ടുള്ളത് മാതൃകാപരമാണെന്നും സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് പറഞ്ഞു.