തൊടുപുഴ: അന്തരീക്ഷ താപനിലയേക്കാൾ ഉയരുകയാണ് ഓരോ ദിവസവും തിരഞ്ഞെടുപ്പ് ചൂട്. ഹിന്ദു ക്ഷേത്രങ്ങളിൽ ഉത്സവകാലമാണ്. ഇവിടങ്ങളിലെല്ലാം സ്ഥാനാർത്ഥികൾ ഓടിയെത്തണം. ഇന്നലത്തെ പൊള്ളുന്ന ചൂടിനെ വകവയ്ക്കാതെ വെള്ളം കുടിച്ച് ഓട്ടത്തിലായിരുന്നു സ്ഥാനാർത്ഥികളും നേതാക്കളും. തോട്ടംതൊഴിലാളികളിൽ നിന്ന് ഉത്സവവേദികളിലേക്ക് ഡീൻ ഓടുമ്പോൾ പ്രചരണം മൂന്നാം ഘട്ടത്തിലെത്തിയതിന്റെ ആവേശത്തിലാണ് ജോയ്സ്. പാർലമെന്റ് നിയോജക മണ്ഡലം കൺവൻഷൻ, അസംബ്ലി നിയോജക മണ്ഡലം കൺവൻഷനുകൾ എന്നിവ എൽ.ഡി.എഫ് പൂർത്തിയാക്കി. ഇന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുന്നതോടെ എൻ.ഡി.എയും കളത്തിൽ നിറയും. 21ന് തൊടുപുഴയിൽ വൻ റോഡ് ഷോ സംഘടിപ്പിച്ച് സ്ഥാനാർത്ഥി സംഗീത വിശ്വനാഥന്റെ എൻട്രി ആഘോഷമാക്കാനൊരുങ്ങുകയാണ് എൻ.ഡി.എ.