തൊടുപുഴ: വേനൽ കടുത്തതോടെ മലയോരമേഖലകളിൽ തീപിടിത്തം പതിവാകുന്നു. വനമേഖലയോട് ചേർന്ന കൃഷിയിടങ്ങളും തോട്ടംമേഖലയിലുമാണ് പ്രധാനമായും തീപിടിത്തമുണ്ടാകുന്നത്. ജില്ലയിൽ വർഷം തോറും കത്തിയമരുന്നത് ഹെക്ടർകണക്കിന് വനഭൂമിയാണ്. എന്നാൽ ഇതൊന്നും പുറം ലോകമറിയുന്നില്ല. മുൻ കാലങ്ങളിൽ ദിവസങ്ങളോളം തീപടർന്നു നിന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ഡിസംബർ അവസാനം മുതൽ മാർച്ച് വരെയാണ് പൊതുവെ കാട് കത്തുന്നതെന്നാണ് വനംവകുപ്പ് പറയുന്നത്. ഇക്കുറി ഫെബ്രുവരി പകുതിയോടെ വേനലിന്റെ കാഠിന്യമേറി. അപകടം ഒഴിവാക്കുന്നതിനായി കാട്ടുപാതകളും തീപിടിക്കാൻ സാദ്ധ്യതയുള്ള വനമേഖലയും മുൻകൂട്ടി തീയിടുന്നതും ഫയർലൈൻ തെളിയിക്കുന്നതും പതിവാണ്. എന്നാലിതൊന്നും കാര്യമായി നടക്കുന്നില്ല. കാട് ഉണങ്ങിയതും വനത്തിലെ ജലസ്രോതസുകൾ വറ്റിവരണ്ടതുമാകാം വന്യമൃഗങ്ങൾ ജനവാസമേഖലകളിലേക്ക് കൂടുതലായി ഇറങ്ങുന്നതിനു കാരണം. വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലുണ്ടാകാറുള്ള തീപിടിത്തം പുറത്തറിയുകയും ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ കെടുത്താറുമുണ്ട്. ഉൾവനത്തിലെ തീകെടുത്തൽ നിലവിൽ ഫയർഫോഴ്‌സിന് കീറാമുട്ടിയാണ്. വാഹനങ്ങൾ കടന്നുപോകുന്ന സ്ഥലങ്ങളിൽ മാത്രമാണ് ഫയർഫോഴ്‌സിന് വനത്തിനുള്ളിൽ തീകെടുത്താനാകുന്നത്. മറ്റിടങ്ങളിൽ ഫയർ വാച്ചർമാർ ഏറെ പാടുപെട്ടാണ് തീ നിയന്ത്രണവിധേയമാക്കുന്നത്. ഡിസംബർ, മാർച്ച് മാസങ്ങളിൽ വനത്തിൽ പ്രത്യേക സുരക്ഷാ വിഭാഗത്തെ നിയോഗിക്കണമെന്ന ആവശ്യമിപ്പോഴും അധികൃതർ മുഖവിലയ്‌ക്കെടുത്തിട്ടില്ല. ഉൾവനങ്ങളിൽ വേനൽക്കാലത്ത് കാട്ടുതീ പടരുന്നുണ്ടോ എന്ന് പരിശോധിക്കാൻ പോലും ഉന്നത ഫോറസ്റ്റ് ഉദ്യോഗസ്ഥർ തയാറല്ല. വാഹനങ്ങൾ എത്തുന്നതുവരെ മാത്രമേ ഉദ്യോഗസ്ഥരും എത്താറുള്ളൂ എന്നതാണ് വാസ്തവം.