കൊച്ചി: മൂന്നാറിൽ ജനങ്ങൾക്ക് ഭീഷണിയായ 'പടയപ്പ" എന്ന കാട്ടാനയെ ഉൾവനത്തിലേക്ക് തുരത്താൻ പുതിയ ദൗത്യസംഘത്തെ നിയോഗിച്ചതായി മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. എറണാകുളം പ്രസ് ക്ളബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പടയപ്പയെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമം പരാജയപ്പെട്ടാൽ മയക്കുവെടിവച്ച് പിടികൂടി ഉൾവനത്തിൽ വിടും. കണ്ണൂരിലെ ജനവാസമേഖലയിൽ ഇറങ്ങിയ കടുവയെ മയക്കുവെടി വയ്ക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്.
അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലാൻ ചീഫ് വൈൽഡ്ലൈഫ് വാർഡന് അധികാരമുണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സങ്കീർണമാണ്. അതെല്ലാം പാലിച്ചുവരുമ്പോഴേക്കും നാട്ടിലിറങ്ങിയ വന്യജീവി നാശമുണ്ടാക്കി തിരികെ കാട്ടിലെത്തിയിരിക്കും. നിയമത്തിൽ ആവശ്യമായ ഇളവുവരുത്തി അടിയന്തര ഘട്ടങ്ങളിൽ താഴേത്തട്ടിലുള്ള ഉദ്യോർഗസ്ഥർക്കുകൂടി അധികാരം വിനിയോഗിക്കാൻ അനുവാദം ലഭിക്കേണ്ടതുണ്ട്.
ഹോട്ട് സ്പോട്ടുകളിൽ ദൗത്യസേന
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വനത്തിൽ കൂടുതൽ കുളങ്ങളും ജലസ്രോതസുകളും നിർമ്മിക്കും. പരീക്ഷണാർത്ഥം തിരുവനന്തപുരം ജില്ലയിൽ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിന് സൗരോർജ്ജ വേലി, ഹാംഗിംഗ് ഫെൻസിംഗ്, റെയിൽഗാർഡ് ഫെൻസിംഗ്, കിടങ്ങ് എന്നിവ നിർമ്മിക്കുന്ന ജോലികൾ ആറു മാസത്തിനുള്ളിൽ പൂർത്തിയാക്കും. സ്ഥിരമായി വന്യജീവികൾ ഇറങ്ങുന്ന പ്രദേശങ്ങളെ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ച് അവിടെ കൂടുതൽ ദൗത്യസേനാംഗങ്ങളെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.