തൊടുപുഴ: ഒട്ടേറെ കുടുംബങ്ങളുടെ നടപ്പുവഴി തടസപ്പെടുത്തി സ്വകാര്യവ്യക്തി നടത്തി വരുന്ന അനധികൃത ഫ്ലാറ്റ് നിർമ്മാണത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ഒളമറ്റം പെരുക്കോണി റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പ്രദേശവാസികൾ കുടിവെള്ളം എടുക്കാനും മറ്റുമായി ഉപയോഗിച്ചിരുന്ന നടപ്പുവഴിയാണ് സ്വകാര്യ വ്യക്തി കൈവശപ്പെടുത്തി ഫ്ലാറ്റ് സമുച്ചയം നിർമ്മിച്ചത്. റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ വഴി കോൺക്രീറ്റ് ചെയ്തപ്പോൾ ഇദ്ദേഹം കോടതിയെ സമീപിച്ചെങ്കിലും ഇതു കോടതി തള്ളി. ഇതു മറച്ചു വച്ച് നഗരസഭ അധികൃതരെ സ്വാധീനിച്ച് ഫ്ലാറ്റ് നിർമാണത്തിനായി പെർമിറ്റ് നേടിയെടുത്തു. പിന്നീട് ഇദ്ദേഹം ജില്ലാ കോടതിയിൽ അപ്പീൽ നൽകിയെങ്കിലും ഇതും തള്ളിയതിനെ തുടർന്ന് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുകയാണ്. ഇതിനിടെ നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ സ്വീകരിക്കാതെ നഗരസഭ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഫ്ലാറ്റ് നിർമ്മാണം നടത്തി വരികയാണ്. ഇതിനെതിരെ നഗരസഭ, വിജിലൻസ്, മുഖ്യമന്ത്രി എന്നിവർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. അതിനാൽ ഫ്ലാറ്റ് നിർമ്മാണത്തിനെതിരെയും ഇതിനു കൂട്ടു നിന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് 24ന് വൈകിട്ട് അഞ്ചിന് പെരുക്കോണിയിൽ ധർണ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ട്രാക്ക് പ്രസിഡന്റ് ടി.എം. ശശി ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ അസോസിയേഷൻ ഭാരവാഹികളായ കെ.ആർ. ഹേമരാജ്, പി.എൻ. അബി, ഷാജൻ പോൾ, ജോമോൻ മറ്റപ്പള്ളിൽ എന്നിവർ പങ്കെടുത്തു.