hobsethu

അടിമാലി: മാങ്കുളത്ത് തമിഴ്‌നാട് സ്വദേശികളായ വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ 100 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഒന്നര വയസുള്ള കുട്ടിയുൾപ്പെടെ നാല് പേർ മരിച്ചു. മൂന്ന് കുട്ടികളുൾപ്പെടെ 11 പേർക്ക് പരിക്കേറ്റു. തേനി ചിന്നമന്നൂർ സീപ്പലകോട്ടയ് നമ്പർ 404ൽ ഗുണശേഖരൻ ഗോവിന്ദ അരസ് (60), ഈറോഡ് വിശാഖ മെറ്റൽസ് ഉടമ പി.കെ. സേതു (34), തേനി അല്ലിങ്കാരത്തിൽ സുന്ദര രാജ് സ്ട്രീറ്റിൽ അബിനേഷ് മൂർത്തി (30), മകൻ തൻവിക് (ഒന്നര) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ അഭിനേഷിന്റെ ഭാര്യ ശരണ്യ (24), തേനി സ്വദേശികളായ അറുമുഖം (63), വൈഗ (12), ഗീത (30), രൺവീർ (6), സന്ധ്യ വല്ലി (35), പ്രസന്ന (39), ദേവ ചന്ദ് (9), ജ്യോതി മണി (65), അന്ന പുഷ്പം (55), ഡ്രൈവർ ഒബ്ലി രാജ് (36) എന്നിവരെ അടിമാലിയിലും തൊടുപുഴയിലുമുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് സാരമുള്ളതാണ്. ഇന്നലെ വൈകിട്ട് 4.30ന് മാങ്കുളം ആനക്കുളം റോഡിൽ പേമരത്താണ് അപകടമുണ്ടായത്. രണ്ടു ദിവസം മുമ്പ് തമിഴ്‌നാട്ടിൽ നിന്നുമെത്തിയ സംഘം ഇന്നലെ വൈകിട്ട് മൂന്നാർ ലക്ഷ്മി എസ്റ്റേറ്റിന് സമീപമുള്ള റിസോർട്ടിൽ നിന്ന് ആനക്കുളം കാണാനെത്തിയതായിരുന്നു. ഒരു ട്രാവലറിലും ഒരു ഇന്നോവയിലുമായാണ് ഇവർ എത്തിയത്. വാഹനം 100 അടി താഴെ ഒരു മരത്തിലും പാറക്കെട്ടിലും തങ്ങി നിന്നു. അല്ലെങ്കിൽ അപകടത്തിന്റെ വ്യാപ്തി ഇനിയും ഉയരുമായിരുന്നു. ഉടൻ തന്നെ പിന്നാലെയുള്ള വാഹനത്തിലെത്തിയ സഹയാത്രികരും നാട്ടുകാരും ചേർന്ന് പരിക്കേറ്റവരെ അടിമാലി താലൂക്കാശുപത്രിയിലെത്തിച്ചു. വഴിമദ്ധ്യേ മൂന്ന് പേർ മരിച്ചു. തൊടുപുഴയിലെ ആശുപത്രിയിലേക്ക് കൊണ്ടുവരും വഴിയാണ് അഭിനേഷ് മരിച്ചത്. തമിഴ്‌നാട്ടിൽ നിന്നെത്തിയ വിനോദ സഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്. ആനന്ദ് കുക്കിംഗ് റേഞ്ചേഴ്‌സ് ഡീലർമാരെ സംഘടിപ്പിച്ച് നടത്തിയ വിനോദയാത്രയിൽപ്പെട്ടവരാണ് അപകടത്തിൽപ്പെട്ടത്.