തൊടുപുഴ: കത്തുന്ന വേനലിൽ ജലക്ഷാമം കൂടി രൂക്ഷമായതോടെ പല പ്രദേശങ്ങളിലും ജനം വലയുകയാണ്. കിലോമീറ്ററുകൾ തലച്ചുമടായും പണം മുടക്കി വാഹനങ്ങളിലും വെള്ളം എത്തിച്ചാണ് പലയിടങ്ങളിലും നാട്ടുകാർ ഓരോ ദിവസവും തള്ളിനീക്കുന്നത്. സ്വാഭാവിക ജലസ്രോതസുകൾ മിക്കതും വറ്റിയതും ശുദ്ധജല വിതരണ പദ്ധതികൾ പലതും കാര്യക്ഷമമല്ലാത്തതുമാണ് പ്രശ്‌നത്തിന് കാരണം. ജല അതോറിട്ടിയുടെ പൈപ്പുകളെ മാത്രം ആശ്രയിച്ചു കഴിയുന്ന പ്രദേശങ്ങളിൽ പൈപ്പ് പൊട്ടിയും മറ്റും ജലവിതരണം തടസ്സപ്പെടുന്നതു വലിയ പ്രതിസന്ധിയാണ്. ജലക്ഷാമം കാർഷിക മേഖലയിലും കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. വെള്ളമില്ലാതെ എങ്ങനെ കൃഷി മുന്നോട്ടു കൊണ്ടുപോകുമെന്നത് കർഷകർക്കു മുന്നിൽ ചോദ്യ ചിഹ്നമാകുകയാണ്.

മുന്നിൽ മൂന്നാർ

വേനൽ കടുത്തതോടെ മൂന്നാർ മേഖലയിൽ ശുദ്ധജലക്ഷാമം കൂടുതൽ രൂക്ഷമായിരിക്കുന്നത് മൂന്നാർ കോളനികൾ, വട്ടവട, കുണ്ടള സാൻഡോസ് എസ്ടി കോളനി എന്നിവിടങ്ങളിലാണ്. മൂന്നാറിലെ വിവിധ കോളനികൾ, ടൗൺ, ഇക്കാ നഗർ, പഴയ മൂന്നാർ, നല്ല തണ്ണി റോഡ് എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ ജലവിതരണ വകുപ്പ് പൈപ്പുകൾ വഴി ശുദ്ധജലം വിതരണം ചെയ്യുന്നുണ്ട്. എന്നാൽ ജനവാസ മേഖലകളായ ഉയർന്ന പ്രദേശത്തെ വീടുകളിൽ എസ്റ്റേറ്റുകളിലെ ചോലകളിൽ നിന്ന് പൈപ്പുകളിട്ടാണ് സ്വകാര്യ വ്യക്തികൾ ജലമെത്തിച്ചു കൊടുക്കുന്നത്. 400 മുതൽ 1000 രൂപ വരെയാണ് ഓരോ കുടുംബവും മാസം തോറും ജലമെത്തിക്കുന്നതിനായി നൽകുന്നത്. എന്നാൽ വേനൽ കടുത്തതോടെ എസ്റ്റേറ്റുകളിലെ ചോലകൾ വറ്റിവരളാൻ തുടങ്ങിയതിനാൽ കോളനികളിൽ താമസിക്കുന്നവർക്ക് നിലവിൽ വല്ലപ്പോഴും മാത്രമാണ് വെള്ളം ലഭിക്കുന്നത്. ആദിവാസി വിഭാഗത്തിൽപ്പെട്ടവർ താമസിക്കുന്ന കുണ്ടള സാൻഡോസ് കോളനിയിൽ കിലോമീറ്ററുകൾ ദൂരത്തുള്ള വനത്തിലെ നീരുറവകളിൽ നിന്നായിരുന്നു പൈപ്പ് വഴി ശുദ്ധജലമെത്തിച്ചിരുന്നത്. നീരുറവകൾ വറ്റിയതോടെ നാട്ടുകാർ കിലോമീറ്ററുകൾ ദൂരത്തുള്ള കുണ്ടള ഡാമിൽ നിന്ന് തലച്ചുമടായാണ് വെള്ളം എത്തിക്കുന്നത്. വട്ടവട പഞ്ചായത്തിലെ കോവിലൂർ, ചിലന്തിയാർ, കൊട്ടാക്കമ്പൂർ മേഖലകളിലും സമാനമായ അവസ്ഥയാണ്.

മന്ത്രിയുടെമണ്ഡലത്തിലും

സ്ഥിതി കഷ്ടം

വേനൽ കടുത്തതോടെ ജില്ലാ ആസ്ഥാന മേഖലയിലെ വിവിധ പഞ്ചായത്തുകളിൽ ശുദ്ധജലക്ഷാമം രൂക്ഷമായി. ജലവിഭവ മന്ത്രിയുടെ മണ്ഡലത്തിലെ കഞ്ഞിക്കുഴി പഞ്ചായത്തിലെ മൈലപ്പുഴ, വിയറ്റ്‌നാം കോളനി, പഴയരിക്കണ്ടം കുരിശുപാറ, മഴുവടി തുടങ്ങിയ സ്ഥലങ്ങളിൽ വേനൽ ആരംഭത്തിൽ തന്നെ നാട്ടുകാർ ശുദ്ധജലത്തിനായി നെട്ടോട്ടം ഓടിത്തുടങ്ങി. മരിയാപുരം പഞ്ചായത്തിലെ പല മേഖലകളിലും കിണറുകളും ജലസ്രോതസുകളും വറ്റി. ഉയർന്ന പ്രദേശങ്ങളിലാണ് സ്ഥിതിഗതികൾ രൂക്ഷം. വാത്തിക്കുടി പഞ്ചായത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഒരിക്കലും വറ്റാത്ത കിണറുകളും ഓലികളുമെല്ലാം കാലിയായി കഴിഞ്ഞെന്നു നാട്ടുകാർ പറയുന്നു. വാഴത്തോപ്പ് പഞ്ചായത്തിലെ മുളകുവള്ളി, ഭൂമിയാംകുളം, മണിയാറൻകുടി, പെരുങ്കാല, പകിട്ടാൻ താന്നിക്കണ്ടം മേഖലകളും വറുതിയിലാണ്.