തൊടുപുഴ: ലേണേഴ്‌സ് പരീക്ഷകളുടെ എണ്ണം കുറച്ചുകൊണ്ട് മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ പുതിയ സർക്കുലർ ഡ്രൈവിങ് സ്‌കൂൾ മേഖലയെ തകർക്കുമെന്ന് ഓൾ കേരള മോട്ടോർ ഡ്രൈവിങ് സ്‌കൂൾ ഇൻസ്ട്രക്ടേഴ്‌സ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആഴ്ചയിൽ നാല് ദിവസമാണ് ലേണേഴ്‌സ് പരീക്ഷ നടത്തുന്നത്. ഒരോ ദിവസവും 60 പേർക്ക് വീതം പരീക്ഷയെഴുതാൻ കഴിയുമായിരുന്നു. എന്നാൽ പുതിയ സർക്കുലർ പ്രകാരം 20 പേർക്കേ ഒരു ദിവസം പരീക്ഷയെഴുതാനാവൂ. ലേണേഴ്‌സ് പരീക്ഷ പാസായവരെ മാത്രമേ ഡ്രൈവിങ് പരിശീലനത്തിന് നിരത്തിലിറക്കാനാവൂ. ഇതോടെ ഡ്രൈവിങ് പഠിച്ച് ലൈസൻസ് എടുക്കാനായി ഡ്രൈവിങ് സ്‌കൂളുകളിലേക്ക് എത്തുന്നവർക്ക് പരിശീലനം നേടുന്നതിന് മാസങ്ങൾ കാത്തിരിക്കേണ്ട് അവസ്ഥയാണ് ഉണ്ടാവുക. തൊടുപുഴ താലൂക്കിൽ 2023ലെ കണക്കനുസരിച്ച് 11,000 പേരാണ് ലേണേഴ്‌സ് പരീക്ഷ പാസായത്. എന്നാൽ പുതിയ സർക്കുലർ പ്രകാരം ഒരു വർഷം 3500 പേർക്ക് മാത്രമേ ഇനി മുതൽ തൊടുപുഴ താലൂക്കിൽ ലേണേഴ്‌സ് പരീക്ഷ എഴുതാനാവൂ. ഇതിനാൽ വിദേശ പഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കടക്കം ഡ്രൈവിങ് ലൈസൻസ് നിഷേധിക്കപ്പെടും. ജനസാന്ദ്രത കൂടിയ തൊടുപുഴ താലൂക്കിലെ ജോയിന്റ് ആർ.ടി ഓഫീസിൽ ഇത്തരത്തിൽ ലേണേഴ്‌സ് പരീക്ഷാ സ്ലോട്ട് കുറയ്ക്കുന്നത് ആശങ്കാജനകമാണ്. സാമ്പത്തികമാന്ദ്യം അനുഭവിക്കുന്ന ഈ സാഹചര്യത്തിൽ അടിയ്ക്കടി ഉണ്ടാകുന്ന പരിഷ്‌കാരങ്ങൾ മേഖലയെ താറുമാറാക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഓൾ കേരള മോട്ടോർ ഡ്രൈവിങ് സ്‌കൂൾ ഇൻസ്ട്രക്ടേഴ്‌സ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മാത്യു ജോർജ്ജ്, ട്രഷറർ ഗിരിജ പരമേശ്വരൻ, ഉമ മോഹൻ, പി.എസ്‌. മോഹൻ എന്നിവർ പങ്കെടുത്തു.