പീരുമേട്: അടുത്ത രണ്ടു സാമ്പത്തിക വർഷത്തേക്ക് 290.81 കോടി രൂപയിൽ നിന്ന് 528.97 കോടി രൂപയായി അടങ്കൽ തുക 82ശതമാനം വർദ്ധിപ്പിച്ച് തേയില മേഖലയ്ക്കുള്ള ഒരു പുതിയ പദ്ധതി അംഗീകരിച്ചതായി കേന്ദ്ര വാണിജ്യ മന്ത്രാലയം. പീരുമേട് താലൂക്കിലെ തേയില തോട്ടം തൊഴിലാളികളുടെ ക്ഷേമത്തിനായി ബഡ്ജറ്റിൽ 1000 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ഗിന്നസ് മാടസാമി കഴിഞ്ഞ ഡിസംബറിൽ കേന്ദ്ര സർക്കാരിന് നൽകിയ നിവേദനത്തെ തുടർന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിലെ പ്ലാന്റ് എയുടെ സെക്ഷൻ ഓഫീസർ വിപെൻഡർ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചെറുകിട തേയില കർഷകരെ സ്വയം സഹായ സംഘങ്ങളിലൂടെ അണിനിരത്തുന്നതിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും ഉത്പാദനക്ഷമത, ഉത്പാദനം, തേയിലയുടെ ഗുണനിലവാരം, കയറ്റുമതി വർദ്ധിപ്പിക്കൽ, പ്രത്യേകിച്ച് മൂല്യവർദ്ധിത വിഭാഗങ്ങളിൽ വർദ്ധിപ്പിക്കാൻ കേന്ദ്രം പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട് എന്നും മന്ത്രാലയം വ്യക്തമാക്കി. ടീ ബോർഡ് ഏറ്റെടുക്കുന്ന ക്ഷേമ പരിപാടികൾ തുടരുന്നതായും മറുപടിയിൽ പറയുന്നു.