munnar
ക​രി​ഞ്ഞു​ണ​ങ്ങി​ ​തേ​യി​ല,

തൊടുപുഴ: ഇടുക്കിയുടെ മലമടക്കുകളിൽ പച്ചപ്പട്ട് പുതച്ചപോലെ നി​ന്നി​രുന്ന തേയി​ല തോട്ടങ്ങൾ ഇപ്പോൾ കൊടുംവേനലി​ൽ കരി​ഞ്ഞുണങ്ങുകയാണ്.

സൾഫ‍ർ പൊടി തൂകി കർഷകർ ചൂടിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും വെയിൽ നേരിട്ടു പതിക്കുന്നിടത്തെ തേയിലയെല്ലാം ഉണങ്ങി തുടങ്ങി. ഉത്പാദനം കുറഞ്ഞ സമയമാണ് ഫെബ്രുവരി, മാർച്ച് മാസങ്ങൾ. വേനൽ ആരംഭിച്ചത് മുതൽ തേയില ചെടിയിൽ നാമ്പും ഇലയും പൊട്ടിമുളയ്ക്കുന്നില്ല. ഇതോടെ കൊളുന്ത് കുറഞ്ഞു തുടങ്ങി.

ഉത്പാദനം ഗണ്യമായി കുറഞ്ഞ ഓഫ് സീസണായിട്ടും ഇപ്പോഴും പച്ചക്കൊളുന്തിന് ന്യായമായ വില കർഷകർക്ക് ലഭിക്കുന്നില്ല. പച്ചക്കൊളുന്തിന് 13 മുതൽ 17 രൂപ വരെയാണ് കർഷകന് ലഭിക്കുന്നത്. ഒരു കിലോ ഉത്പാദിപ്പിക്കാൻ 12- 13 രൂപ ചെലവ് വരുമ്പോഴാണിത്. ഒരു കിലോഗ്രാം പച്ചകൊളുന്ത് വിളവെടുക്കുന്നതിന് മാത്രം അഞ്ച് രൂപ കൂലി നൽകണം. തണൽ ക്രമീകരണം, കള നീക്കൽ, വളം കീടനാശിനി പ്രയോഗം എന്നിവയ്ക്കുള്ള ചെലവ് കിലോഗ്രാമിനു ആറ് രൂപയിലധികം വരും. വളത്തിനും കീടനാശിനികൾക്കുമൊപ്പം പണിക്കൂലിയും വർദ്ധിച്ചു. അതേസമയം ചായപ്പൊടിക്ക് വിപണിയിൽ ഒരു വിലക്കുറവും സംഭവിച്ചിട്ടില്ല. മുൻ വർഷങ്ങളിൽ 20 മുതൽ 25 രൂപ വരെ പച്ചക്കൊളുന്തിന് കിലോയ്ക്ക് ലഭിച്ചിരുന്നു.

ഏജൻസികൾക്ക് ഇരട്ടി കിട്ടും

ചെറുകിട കർഷകരുടെ കൈയിൽ നിന്ന് 13 രൂപയ്ക്ക് വാങ്ങുന്ന ഒരു കിലോ പച്ചക്കൊളുന്ത് ഏജൻസികൾ ഫാക്ടറികൾക്ക് നൽകുന്നത് 23 മുതൽ 28 രൂപ വരെ വിലയ്ക്കാണ്. ചെറുകിട കർഷകർ നേരിട്ടെത്തിച്ചാൽ രജിസ്‌ട്രേഷനില്ലെന്ന കാരണം പറഞ്ഞ് ഫാക്ടറികൾ കൊളുന്ത് വാങ്ങില്ല. കർഷകരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തി​ക്കേണ്ട തേയില ബോർഡും ഇക്കാര്യത്തിൽ ഇടപെടാറില്ല. ടീ ബോർഡ് അംഗങ്ങളും ഫാക്ടറി ഉടമകളും ഏജൻസികളും ചേർന്ന് ഏകപക്ഷീയമായാണ് വില നിർണയിക്കുന്നത്. ഒരു ഘട്ടത്തിലും കർഷകരുടെ അഭിപ്രായം കേൾക്കാറില്ല.

ഇടുക്കിയിൽ രണ്ടായിരം കർഷകർ

ചെറുകിട തേയില കർഷക ഫെഡറേഷന്റെ കണക്കനുസരിച്ച് ഇടുക്കി ജില്ലയിൽ മാത്രം ഏകദേശം ഇരുപതിനായിരത്തിലധികം ചെറുകിട തേയില കർഷകരുണ്ട്. പീരുമേട്, ദേവികുളം, ഇടുക്കി തുടങ്ങിയ പ്രദേശങ്ങളിലാണ് ചെറുകിട തേയില കൃഷിക്കാർ കൂടുതലുള്ളത്.


ജൂണിൽ മഴയെത്തുന്നതോടെ ഉത്പാദനം വർദ്ധിക്കും. ഇതോടെ കൊളുന്ത് ആവശ്യത്തിലധികമാണെന്ന കാരണം പറഞ്ഞ് വില വീണ്ടും കുറയ്ക്കും. ചുരുക്കി പറഞ്ഞാൽ സീസണിലും അല്ലാത്തപ്പോഴും കർഷകന് ന്യായമായ വില ലഭിക്കില്ല. ഇതിനെതിരെ അടുത്ത മാസം പീരുമേട് ടീ ബോർഡ് ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും.

വൈ.സി. സ്റ്റീഫൻ,

ചെറുകിട തേയില കർഷക ഫെഡറേഷൻ പ്രസിഡന്റ്

20000

ഇടുക്കി ജില്ലയിൽ മാത്രം ഏകദേശം ഇരുപതിനായിരത്തിലധികം

ചെറുകിട തേയില കർഷകരുണ്ട്